ഇതേ കേസ്സിലെ മറ്റൊരു പ്രതി ചിന്നന്നേയും സി.പി.എമ്മുകാര്‍ പൊലീസിൽ ഹാജരാക്കി
കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പ്രതിയെ സി.പി.എം പ്രവര്ത്തകര് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് രാവിലെ സി.പി.എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്.
ശിവജി സേന എന്ന സംഘടനയുടെ പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് സുധാകരൻ. സുധാകരനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സി.പി.എം പ്രവർത്തകർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. ഇയാളോടൊപ്പം ഇതേ കേസ്സിലെ മറ്റൊരു പ്രതി ചിന്നന്നേയും പൊലീസിൽ ഹാജരാക്കി. ഈ കേസിൽ നേരത്തെ ഒരു സി.പി.എം പ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ശിവജി സേനാ പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ വിഷുവിന്റെ തലേ ദിവസം സംഘർഷമുണ്ടായിരുന്നു. ഇരു വിഭാഗത്തേയും പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറും ഉണ്ടായി.
ഈ കേസിൽ ശിവജി സേനാ പ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് സി.പി.എമ്മിന് പരാതിയുണ്ട്. അതിലുള്ള സ്വാഭാവിക പ്രതികരണമാണ് ഇന്നലെ ഉണ്ടായതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. സുധാകരനെ കസ്റ്റഡിയിൽ എടുത്ത് ജീപ്പിൽ കൊണ്ടു വരുമ്പോഴാണ് പേരാമ്പ്ര ടൗണിൽ വെച്ച് ഒരു സംഘം സി.പി.എം പ്രവർത്തകർ പ്രതിയെ മോചിപ്പിച്ചത്. സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് കേസ്സെടുത്തിരുന്നു.
പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച സംഭവത്തിൽ പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നേതൃത്ത്വത്തിന്റെ ഇടപെടലാണ് ഉടൻ പ്രതിയെ പൊലീസിൽ ഹാജരാക്കാൻ കാരണം. സംഭവത്തിൽ പൊലീസ് കൂടുതൽ വിശദീകരണം നൽകാൻ തയ്യാറാകുന്നുമില്ല.
