ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശങ്ങളോടുളള സിപിഐഎമ്മിന്റെ പ്രതികരണം സമാധാനശ്രമങ്ങള്‍ അട്ടിമറിക്കാനാണെന്ന് ബിജെപി ആരോപിച്ചു.ആര്‍എസ്എസ് അജണ്ടയാണ് കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് മേധാവി മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം സിപിഐഎം ആവര്‍ത്തിച്ചിരുന്നു.

സംഘര്‍ഷങ്ങളുണ്ടാകില്ലെന്നും സമാധാനത്തിനായി കൈകോര്‍ക്കുമെന്നും പ്രഖ്യാപിച്ച സമാധാനയോഗം കഴിഞ്ഞ് രണ്ട് ദിവസത്തിനുളളിലാണ് ആരോപണപ്രത്യാരോപണങ്ങള്‍ വീണ്ടുമുയരുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ജില്ലാ പൊലീസ് മേധാവി നല്‍കിയ പെരുമാറ്റച്ചട്ടത്തോട് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രതികരണമാണ് പുതിയ തര്‍ക്കത്തിനാധാരം. എസ് പിയുടെ നിര്‍ദേശങ്ങള്‍ മുഴുവനായി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സിപിഐഎം നിലപാട്. ക്രമസമാധാനപ്രശ്‌നമായി മാത്രം സംഘര്‍ഷങ്ങളെ കാണുന്ന പൊലീസ് നിലപാട് തെറ്റാണെന്നും ആര്‍എസ്എസ് അജണ്ടയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. പൊതു ഇടങ്ങളിലെ പ്രചരണങ്ങള്‍ ഒഴിവാക്കുന്നതിനോടും സിപിഐഎം എതിര്‍പ്പറിയിച്ചു. ഇതെല്ലാം സമാധാനശ്രമങ്ങള്‍ അട്ടിമറിക്കാനാണെന്നാണ് ബിജെപിയുടെ ആരോപണം.

ഏകപക്ഷീയമായ പൊലീസ് ഇടപെടലിനോട് പ്രതികരിക്കാതെ ഇരിക്കില്ലെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സിപിഐഎമ്മിനെ വിമര്‍ശിക്കുമ്പോഴും പൊലീസ് ഇടപെടലില്‍ ബിജെപിക്കുമുളളത് സമാന നിലപാട്. ഏറെ പ്രതീക്ഷയോടെ സമാധാനയോഗത്തിലുണ്ടാക്കിയ ധാരണകളില്‍ തര്‍ക്കം തുടങ്ങിയത് എങ്ങനെ പ്രതിഫലിക്കുമെന്നാണ് ആശങ്ക.