ദില്ലി: ഇ പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദം നാളെ തുടങ്ങുന്ന സി പി എം പിബി കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ചയാകും. ജയരാജന് താക്കീതോ, ശാസനയോ നല്‍കുമെന്നാണ് സൂചന. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം നിര്‍ത്തുന്ന പൊതു സ്ഥാനാര്‍ത്ഥിയെ സി പി എം പിന്തുണച്ചേക്കും. കേരളത്തിലെ സി പി എം - സി പി ഐ തര്‍ക്കവും നാളെ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയായേക്കും.

ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജന് പിഴവ് സംഭവിച്ചു എന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കും. ഇ പി ജയരാജനെതിരെ താക്കീതോ ശാസനയോ ഉണ്ടാകുമെന്നാണ് സൂചന. ശ്രീമതി ടീച്ചര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നാണ് സൂചന. കേരളത്തിലെ സി പി എം - സി പി ഐ തര്‍ക്കവും യോഗത്തില്‍ ചര്‍ച്ചയാകും. പ്രശ്‌നത്തില്‍ ഇരു പാര്‍ട്ടികളുടേയും കേന്ദ്ര നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ സംസ്ഥന ഘടകത്തില്‍ തന്നെ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം നിര്‍ത്തുന്ന പൊതു സ്ഥാനാര്‍ത്ഥിയെ പിന്തുണക്കനാണ് സി പി എം കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ഇക്കാര്യം യോഗത്തില്‍ വിശദമായ ചര്‍ച്ചയാകും. എന്നാല്‍ ബി ജെ പി വിരുദ്ധമുന്നണിയില്‍ ചേരുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായമാണുള്ളത്. ഇത്തരമൊരു തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ചേരുന്നത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരാണെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന അഭിപ്രായമാണ് സി പി എം ബംഗാള്‍ ഘടകത്തിനുള്ളത്.