തൃശ്ശൂര്‍: സമരാവേശം എന്നാല്‍ അഴീക്കോട്ടെ ജങ്കാര്‍ സമര കഥകള്‍ കേള്‍ക്കണം. പ്രതിപക്ഷത്തിരിക്കുന്നവരുടെ സമരക്കഥ. നാടിന് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്ന് പ്രഖ്യാപിക്കുക സമരവേദിയില്‍ സാദാരണമാണ്. ഇത് കളി കാര്യമായി. കടലും കായലും ഓളം തള്ളുന്ന അഴിമുഖത്ത് പ്രാണവായു കിട്ടാതെ മുങ്ങിത്താഴ്ന്നവരെ അത്ഭുതകരമായാണ് രക്ഷിച്ചെടുത്തത്. അതിലേക്ക് വരും മുമ്പ് ആദ്യം അഴീക്കോട് ജെട്ടിയെ കുറിച്ചറിയണം, ബോട്ട് സര്‍വീസിനെ കുറിച്ച് കേള്‍ക്കണം, പിന്നെ ജങ്കാറെന്തെന്ന് മനസിലാക്കണം.

ആദ്യം അഴീക്കോട് ബോട്ട് ജെട്ടി

മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഴിമുഖങ്ങളിലൊന്നും മനോഹരമായ തീരദേശ ഗ്രാമവുമാണ് അഴീക്കോട്. കൊടുങ്ങല്ലൂര്‍, പറവൂര്‍ പട്ടണങ്ങള്‍ക്കിടയിലാണിത്. അഴീക്കോട് മുനയ്ക്കല്‍ എന്നറിയപ്പെടുന്ന ഒരു ബീച്ചാണ് ആകര്‍ഷണം. പ്രധാന കടല്‍ത്തീരത്തായി മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ കടല്‍തീരം. അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം എന്നിവയുമായി കേരളത്തെ ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖങ്ങളിലൊന്നാണ് അഴീക്കോട്. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പുള്ള പഴയ തുറമുഖത്ത് സ്ഥിതിചെയ്യുന്ന തുറമുഖവും വ്യാപാരം, വാണിജ്യം എന്നിവയുടെ ഒരു പ്രധാന ഉറവിടമായിരുന്നു ഇത്. അഴീക്കോട് കനാലുകളുടെ ഒരു പരമ്പരയുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രവും ചേരമാന്‍ ജുമാ മസ്ജിദും ഇവിടേയ്ക്ക് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ്.
മേഖലയിലെ വരുമാനത്തിന്റെ മുഖ്യ ഉറവിടങ്ങളാണ് മീന്‍പിടുത്തവും ടൂറിസവും. മത്സ്യബന്ധനത്തിന് പരമ്പരാഗത ബോട്ടുകള്‍ ഇപ്പോഴും ഉപയോഗിക്കുന്ന ഇവിടെ മീന്‍പിടിത്തത്തിന് ചൈനീസ് മത്സ്യബന്ധന വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ട്. നാളികേര കൃഷിയും ചെമ്മീന്‍ കൃഷിയും പ്രധാനമാണ്.

ഇനി ജങ്കാറും സമരങ്ങളും

വ്യാവസായിക തലസ്ഥാനമായ എറണാകുളത്തെയും സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിനെയും ബന്ധിപ്പിക്കുന്ന തീരമാര്‍ഗം കൂടിയാണ് അഴീക്കോട് ബോട്ട് ജെട്ടി. പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴ അറബിക്കടലിനോട് സംഗമിക്കുന്ന ഈ അഴിമുഖവും ബോട്ടുജെട്ടിയും വിവാദങ്ങളില്‍ പെടുന്നത് ജങ്കാര്‍ സര്‍വീസോടെയാണ്. അഴീക്കോട്  മത്സ്യബന്ധന വ്യാപാരകേന്ദ്രം ജങ്കാര്‍ സര്‍വീസിന്റെ പേരില്‍ വര്‍ഷങ്ങളായി കലുഷിതമാണ്. 

ശക്തമായ തിരമാലകളും അടിയൊഴുക്കുമുള്ള അഴീക്കോട്-മുനമ്പം ഫെറിയില്‍ ഒരുകാലത്ത് ബോട്ട് സര്‍വീസായിരുന്നു ഇരുകരക്കാരുടെയും യാത്രാമാര്‍ഗം. ഇതിന് വിരാമമിട്ട് 2008-ലാണ്. വാഹനങ്ങളടക്കം യാത്രചെയ്യാവുന്ന വലിയ ജങ്കാര്‍ സര്‍വീസിന് തുടക്കമിട്ടതോടെയാണ് ബോട്ടുകള്‍ വഴി മാറിക്കൊടുത്തത്. സുനാമി പുനരധിവാസപദ്ധതിയിലൂടെ ഒരുകോടിരൂപ ചെലവില്‍ അന്ന് കേരള സര്‍ക്കാര്‍ വാങ്ങി ജില്ലാ പഞ്ചായത്തിനെ ഏല്‍പ്പിച്ചതാണ് അഴീക്കോട്ടെ ജങ്കാര്‍. അഴീക്കോട്-മുനമ്പം ഫെറിയില്‍ സര്‍വീസ് ആരംഭിച്ചതോടെ തൃശ്ശൂര്‍-എറണാകുളം ജില്ലകളിലെ തീരദേശങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഇരുപത് കിലോമീറ്ററോളം ദൂരം ലാഭമായി. മണിക്കൂറുകളുടെ സമയലാഭവും ഇതുവഴിയുള്ള യാത്രക്കുണ്ട്്. 

പ്രതിഷേധ നീന്തല്‍ കരയ്ക്കെത്തിച്ചത് നേതാക്കളുടെ ജീവനുകള്‍

ജങ്കാറിനെ മുന്‍നിര്‍ത്തി തീരദേശമേഖലയെ രാഷ്ട്രീയ പാര്‍ട്ടികളും യുവജനപ്രസ്ഥാനങ്ങളും നിരന്തര പോരാട്ടത്തിലാണ്്. 2011 മുതല്‍ ജങ്കാര്‍ സ്തംഭനം നിത്യസംഭവമായി മാറിയതോടെയാണ് ഭരണാവധിക്കാലം നോക്കി രാഷ്ട്രീയസംഘടനകള്‍ മാറിമാറി സമരരംഗത്തെത്തുന്നത്. 2014ല്‍ അഞ്ചുമാസത്തോളം ജങ്കാര്‍ സ്തംഭിച്ചപ്പോള്‍ സി.പി.എം. ഏരിയാ കമ്മിറ്റി നടത്തിയ അനിശ്ചിതകാല റിലേ നിരാഹാരവും പുഴനീന്തിക്കടക്കല്‍ സമരവും നടത്തി. പുഴനീന്തി കടക്കാന്‍ ശ്രമിച്ച ഏരിയാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ മുങ്ങിത്താഴുകയും ഇവരെ പൊലീസ് അറസ്റ്റുചെയ്ത് കരയിലെത്തിക്കുകയും ചെയ്ത സംഭവം അന്നത്തെ ജങ്കാര്‍ സമരത്തിന്റെ വഴിത്തിരിവായിരുന്നു. 

അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനടക്കമുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തിയിരുന്നു. ഇതിന്റെ തനിയാവര്‍ത്തനമാണ് 2017-ല്‍ ഏഴുമാസം ജങ്കാര്‍ സ്തംഭിക്കുമ്പോള്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അഴീക്കോട്ടു നടത്തിയത്. ജെട്ടിയില്‍ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാരസമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഴനീന്തിക്കടക്കല്‍ സമരം നടത്തിയത്. ഇതില്‍ ആറുപേരും പുഴയില്‍ മുങ്ങി അപകടത്തില്‍പ്പെട്ടെങ്കിലും പൊലീസും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് കരയ്ക്കെത്തിച്ചു. ജങ്കാര്‍ പുനരാരംഭിക്കുന്നതുവരെയും അറ്റകുറ്റപ്പണികളിലെ അഴിമതി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആരംഭിച്ച സമരം ജെട്ടിയില്‍ തുടരുകയാണ്.

അഴീക്കോട് ജങ്കാര്‍ നിലച്ചാല്‍ അയ്യന്തോളില്‍ പഞ്ചായത്ത് കുലുങ്ങും

ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനായി ജങ്കാര്‍ ഇടയ്ക്കിടെ ഇടയാന്‍ തുടങ്ങിയതോടെ പ്രതിസന്ധികള്‍ക്ക് തുടക്കമായി. അഴീക്കോട് ജങ്കാര്‍ പണിനിര്‍ത്തിയാല്‍ അയ്യന്തോളിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രതിപക്ഷം പണിതുടങ്ങും. സര്‍വീസ് തുടങ്ങി അധികം വൈകാതെ ജങ്കാറിന്റെ യാന്ത്രത്തകരാറുകള്‍ യാത്രമുടക്കി. ഇതോടെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഈ ജെട്ടിയും കാഞ്ഞിരപ്പുഴയും നിരന്തരം സാക്ഷിയായി. 2011 മുതല്‍ നിരന്തരമായി അറ്റകുറ്റപ്പണികളുടെ പേരില്‍ മാസങ്ങളോളം കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ വിശ്രമത്തിലായി ജങ്കാര്‍. 2014 മാര്‍ച്ച് 17-ന് മുനമ്പത്തുനിന്നു അഴീക്കോട്ടേക്കുള്ള യാത്രയില്‍ ജങ്കാറിന്റെ പ്രൊപ്പല്ലര്‍ ബുഷടക്കം പുറത്തേക്ക് തള്ളിപ്പോന്നതോടെ അഞ്ചുമാസത്തോളമാണ് ജങ്കാര്‍ നിര്‍ത്തിവെച്ചത്. പിന്നീട് അമ്പത്തിമൂന്നുലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ജൂലായ് അവസാനവാരം അഴീക്കോട്ടെത്തിച്ചു. പിറ്റേദിവസം ഉച്ചയോടെ വീണ്ടും കേടായി. പിന്നീട് ജങ്കാറിന്റെ വിലയേക്കാള്‍ ഇരിട്ടിയിലധികം തുക അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിച്ചിരുന്നു. അഴിമതിയാരോപണങ്ങളും വിജിലന്‍സ് അന്വേഷണങ്ങളും ഇപ്പോഴും നടക്കുന്നു.

ഓളത്തിനും മീതെ സാങ്കേതിക തടസം 

സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം 2014 മാര്‍ച്ച് കഴിഞ്ഞാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി  ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചത്. മൂന്നുവര്‍ഷത്തെ കാലാവധിക്ക് പുതിയ കരാറുകാരനെ ഏല്‍പ്പിച്ചാണ് സര്‍വീസിനൊരുക്കിയത്. ഇതിനിടയില്‍ ഇന്‍ഷുറന്‍സും കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റും പുതുക്കാത്തതിനാല്‍ വീണ്ടും സര്‍വീസ് നിര്‍ത്തിവച്ചു. 2017 മാര്‍ച്ച് 31വരെ കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും കിട്ടി. എന്നാല്‍ കാലാവധി കഴിഞ്ഞതോടെ തുടര്‍ന്നും സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും ലഭിക്കണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും നടത്തണമായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 30-ന് വീണ്ടും ജങ്കാര്‍ സര്‍വീസ് പണികള്‍ക്കായി നിര്‍ത്തിവെച്ചത്. അറ്റകുറ്റപ്പണികള്‍ക്ക് ഒരുകോടി അറുപത്തി രണ്ടുലക്ഷം രൂപയാണ് കൊച്ചി കപ്പല്‍ നിര്‍മാണശാല കണക്കാക്കിയത്. അടുത്തകാലത്താണ് ജങ്കാറിന്റെ രണ്ട് എന്‍ജിനുകളും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം ഡോക്കില്‍നിന്ന് പുറത്തിറക്കിയത്. പരീക്ഷണയോട്ടം കഴിഞ്ഞ് കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ജങ്കാര്‍ അഴീക്കോട്ട് എത്തിയിട്ടില്ല. കേരളപ്പിറവിദിനത്തില്‍ ജങ്കാര്‍ പുനരാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പറഞ്ഞെങ്കിലും ജങ്കാര്‍ അഴീക്കോട്ട് എത്തിയിട്ടില്ല.

താല്‍ക്കാലിക ബോട്ട് അപകടം കണ്ടത് മൂന്ന് തവണ

ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചതോടെ 35 പേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാബോട്ട് ഏര്‍പ്പെടുത്തിയിരുന്നു. 2014 സെപ്തംബറില്‍ ജങ്കാര്‍ പുതിയ കരാറുകാരന് നല്‍കുമ്പോഴുണ്ടാക്കിയ ഉടമ്പടിയിലെ വ്യവസ്ഥകളിലൊന്നായിരുന്നു ജങ്കാര്‍ നിര്‍ത്തിവക്കേണ്ടിവന്നാല്‍ പകരം ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തണമെന്നത്. ഈ ബോട്ടാണെങ്കില്‍ മൂന്നുതവണ അപകടത്തെ മുഖാമുഖം കണ്ടു. ഇത്തരം ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താവുന്ന ഫെറി ചാലല്ല ഇവിടെയുള്ളതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും സര്‍വീസ് നടത്തിവരികയാണ്. 2017 സെപ്റ്റംബര്‍ 19 വരെയാണ് കരാറുകാരനും ജങ്കാറും ബദല്‍ സംവിധാനവും നടത്താനുള്ള കാലാവധിയുള്ളത്. അപകടം നിറഞ്ഞ ബോട്ട് യാത്ര വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെങ്കിലും അധികാരികള്‍ക്ക് അനക്കമില്ല.

ജങ്കാര്‍ സര്‍വീസ് നിലച്ചതോടെ കഷ്ടത്തിലായത് നൂറുകണക്കിനാളുകള്‍

ജങ്കാര്‍ സ്തംഭിച്ചതോടെ വരുമാനത്തിലും കാര്യമായ കുറവുവന്നതായി ജെട്ടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും പറയുന്നു. മത്സ്യ കച്ചവടക്കാരുടെ കാര്യവും മറിച്ചല്ല. ജങ്കാറുള്ള സമയത്ത് ഓരോ ട്രിപ്പ് വരുമ്പോഴും മത്സ്യത്തൊഴിലാളികളുടെയും മത്സ്യവില്‍പ്പനക്കാരുടെയും നല്ല ഓട്ടം കിട്ടാറുണ്ടായിരുന്നു. ജെട്ടിയിലെ ചായക്കടക്കാരും മറ്റു വ്യാപാരികളും വരുമാന നഷ്ടത്തിലാണ്.

റിപ്പോര്‍ട്ട് തയ്യാറാക്കിയത്: വത്സന്‍ രാമംകുളത്ത്