കണ്ണൂരിലെ സമാധാന യോഗത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി നല്‍കിയ നോട്ടീസിലെ പ്രധാന നിര്‍ദേശങ്ങളോട് പാടെ വിയോജിച്ച സി.പി.എം, ഇത്തരം യോഗങ്ങള്‍ കൊണ്ട് മാത്രം സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന മുന്‍ നിലപാടില്‍ തന്നെയാണ്. നാടറിയാത്ത സ്വപ്നാടകരെന്ന് നേരത്തെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ വിശേഷിപ്പിച്ച പി ജയരാജന്‍ പക്ഷെ കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ പൊലീസ് നിസ്സഹായരാണെന്ന ഐ.ജിയുടെ നിലപാടിനെ ഉയര്‍ത്തിയാണ് ചര്‍ച്ച രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തമ്മിലാണ് നടക്കേണ്ടതെന്ന നിര്‍ദേശം മുന്നോട്ട് വെക്കുന്നത്.

സംഘര്‍ഷങ്ങള്‍ ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന വാദം ശക്തമാക്കുകയാണ് സി.പി.എം ഈ ആവശ്യത്തിലൂടെ. കണ്ണൂരിലെ 25 ക്ഷേത്രങ്ങളിലെയും 20 സ്കൂളുകളിലെയും 13 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ആര്‍.എസ്.എസ് ശാഖകളുടെ വിവരങ്ങളും കളക്ടര്‍ക്ക് സി.പി.എം നല്‍കി. അതേസമയം ബി.ജെ.പിയില്‍ നിന്ന് ചില പ്രമുഖ നേതാക്കള്‍ കൂടി പാര്‍ട്ടിയിലേക്കെത്തുമെന്ന് സൂചനകളെ ജയരാജന്‍ വാര്‍ത്താ സമ്മേളനത്തിനിടെ നിഷേധിച്ചില്ല. ഏതായാലും വിവിധ കാരണങ്ങളെച്ചൊല്ലി വാക്പോര് തുടരുന്നത് തന്നെയാണ് കണ്ണൂരിലെ കാഴ്ച്ച.