കൊല്ലം നിലമേലിലും സിപിഎമ്മിന്റെ കൊടികുത്തൽ പാർത്ഥിപൻ എന്നയാളുടെ വർക്ക് ഷോപ്പിന് മുന്നിലാണ് സിപിഎം പ്രവർത്തകർ കൊടികുത്തിയത്

കൊല്ലം: കൊല്ലം നിലമേലിലും സിപിഎമ്മിന്റെ കൊടികുത്തൽ. നിലമേലിൽ പാർത്ഥിപൻ എന്നയാളുടെ വർക്ക് ഷോപ്പിന് മുന്നിലാണ് സിപിഎം പ്രവർത്തകർ കൊടികുത്തിയത്. തറ നിരപ്പാക്കാൻ മണ്ണ് കൊണ്ടിട്ട സ്ഥലത്താണ് കൊടികുത്തിയത്. നിലം നികത്താനാണ് മണ്ണ് കൊണ്ടുവന്നതെന്ന് സിപിഎം

കൊടികുത്തൽ സമരങ്ങൾ അനാവശ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ അദ്ദേഹത്തിന്‍റെ പാർട്ടിക്കാർ തന്നെ തള്ളി കളയുകയാണ്. കൊല്ലത്ത് പ്രവാസിയായ സുഗതൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നിയമസഭയിൽ സംസാരിക്കവെയാണ് കൊടികുത്തൽ സമരങ്ങൾക്കെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്. ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നും അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നുമാ‍യിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഏത് പാർട്ടിയാണെങ്കിലും കൊടികുത്തുന്ന പ്രവണത ആശാസ്യമല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 കോഴിക്കോട്ട് പുതുപ്പാടിയിൽ ഫാക്ടറിക്കു മുന്നിൽ സിപിഎം പ്രവർത്തകർ കൊടികുത്തിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അടുത്ത കൊടികുത്തല്‍ വാര്‍ത്ത. കേന്ദ്രസർക്കാരിന്‍റെ 'സ്റ്റാൻഡ്അപ് ഇന്ത്യ' പദ്ധതി പ്രകാരം 90 ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ ലാറ്റക്സ് യൂണിന്‍റെ നിര്‍മാണമാണ് നിലച്ചത്. കൊടി കുത്തിയെന്ന സമ്മതിച്ച പാര്‍ട്ടി പ്രാദേശിക നേതൃത്വം പിന്നീട് അത് എടുത്ത് മാറ്റിയെന്ന് വിശദീകരിക്കുന്നു. പുതുപ്പാടി കുപ്പായകോട് കീച്ചേരി ടോണി ഭാര്യയുടെ പേരിൽ നിര്‍മാണം തുടങ്ങിയ റബര്‍ സംസ്കരണ ഫാക്ടറിയിലാണ് സി.പി.എം കൊടി നാട്ടിയത്. അയൽവാസിയുമായുള്ള അതിര്‍ത്തി തര്‍ക്കം ചുണ്ടിക്കാട്ടിയാണ് കൊടികുത്തൽ. അതേസമയം, അതിര്‍ത്തി തര്‍ക്കത്തിൽ റവന്യൂ വകുപ്പ് ഇടപെട്ടിരുന്നു. സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിക്കുകയും ചെയ്തു. അതിര്‍ത്തി തര്‍ക്കം കൂടാതെ ഫാക്ടറി നിര്‍മാണത്തിനായി മണ്ണെടുത്തതിലൂടെ സമീപവാസിയായ പട്ടിക ജാതി കുടുംബത്തിനുണ്ടായ ബുദ്ധമിട്ടും പരിഹരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യം.