Asianet News MalayalamAsianet News Malayalam

കോടിയേരിയുടെ മകനെതിരായ ആരോപണം: വ്യാജ വാര്‍ത്തയെന്ന് സിപിഎം

CPM FB post on kodiyeri sons allegations
Author
First Published Jan 25, 2018, 5:50 PM IST

തിരുവനന്തപുരം: സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ  ആരോപണം വ്യാജവാര്‍ത്തയെന്ന് സിപിഎം.  ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ബിനോയിക്കെതിരെ യുഎഇയിൽ ഒരിടത്തും ഒരു കേസും നിലവിലില്ല എന്നും സിപിഎമ്മിന്‍റെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

ഫെയ്സ്ബുക്ക്​ പോസ്റ്റ് വായിക്കാം

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ വ്യാജവാർത്ത ചമച്ചതിനുപിന്നിൽ വൻ ഗൂഢാലോചന.

ബിനോയിയുടെ പേരിൽ ദുബായിൽ തട്ടിപ്പുകേസും യാത്രാനിരോധനവും ഉണ്ടെന്ന വ്യാജവാർത്ത ചമയ്ക്കുകയും തുടർന്ന് അതിന്‍റെ പേരിൽ ദേശീയാടിസ്ഥാനത്തിൽതന്നെ വൻതോതിൽ ചർച്ച സംഘടിപ്പിക്കുകയും ചെയ്തതിനുപിന്നിൽ സിപിഐ എമ്മിനെ വേട്ടയാടുകയെന്ന ഗൂഢലക്ഷ്യം മാത്രമാണ്.

മനോരമയുടെ ഡൽഹി ലേഖകൻ ജോമി തോമസാണ് ഈ വ്യാജവാർത്ത ആദ്യം നൽകിയത്. സിപിഐ എമ്മിന്‍റെ ഒരു ഉന്നതനേതാവിന്‍റെ മകനെതിരെ പൊളിറ്റ്ബ്യൂറോയ്ക്ക് പരാതി നൽകിയെന്നായിരുന്നു വാർത്ത. ഇതിന്‍റെ ചുവടുപിടിച്ച് ബുധനാഴ്ച ദൃശ്യമാധ്യമങ്ങളും കഥകൾ മെനഞ്ഞു. ഇതിനിടയിലാണ് പരാതിയുടെ പകർപ്പ് കിട്ടിയെന്നും പറഞ്ഞ് ബിനോയ് കോടിയേരിക്കെതിരെയും അതിന്‍റെ മറവിൽ കോടിയേരി ബാലകൃഷ്ണനും സിപിഐ എമ്മിനുമെതിരെയും വൻതോതിൽ നുണക്കഥകൾ സൃഷ്ടിച്ചത്. ബിനോയിക്കെതിരെ അഞ്ച് കേസുണ്ടെന്നും 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ദുബായിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയെന്നുംവരെ മാധ്യമങ്ങൾ കഥ മെനഞ്ഞു. എന്നാൽ, ബിനോയിക്കെതിരെ യുഎഇയിൽ ഒരിടത്തും ഒരു കേസും നിലവിലില്ല. ബിനോയ് പാർട്ണറായ കമ്പനി സാമ്പത്തിക മാന്ദ്യഘട്ടത്തിലുണ്ടായ പ്രതിസന്ധിയെതുടർന്ന് ചില സാമ്പത്തിക പ്രയാസം നേരിട്ടു. അതിന്‍റെ ‘ഭാഗമായി പണം കിട്ടാനും കൊടുക്കാനും ഉള്ളവർ തമ്മിൽ ചില തർക്കമുണ്ടായി. ബിനോയ് ഒപ്പിട്ടുനൽകിയ ഒരു ചെക്ക് പാർട്ണർ മറ്റൊരു കക്ഷിക്ക് നൽകുകയും അത് മടങ്ങുകയും ചെയ്തു. ആ കേസിൽ ബിനോയ് നേരിട്ട് ഹാജരായി പിഴ അടയ്ക്കുകയും കേസ് തീർപ്പാക്കുകയും ചെയ്തു. അതിനുശേഷം ഇതുവരെ ഇതുസംബന്ധിച്ചോ മറ്റേതെങ്കിലും വിഷയത്തിലോ ദുബായിൽ ബിനോയിക്കെതിരെ ഒരു കേസും പരാതിയും നിലവിലില്ല. ദുബായിൽ യാത്രാവിലക്കുണ്ടെന്നും ഒരുവർഷമായി ദുബായിയിൽ പോയിട്ടില്ലെന്നുമാണ് മറ്റൊരു നുണ. എന്നാൽ, രണ്ടുമാസം മുമ്പുപോലും ബിനോയ് ദുബായിൽ പോയി. ഇതൊന്നും അന്വേഷിക്കുകപോലും ചെയ്യാതെയാണ് തുണ്ടുകടലാസിൽ പിബിക്ക് പരാതി നൽകിയെന്നും പറഞ്ഞുള്ള കോലാഹലം. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ യുഎഇയിൽ തർക്കങ്ങളും പ്രശ്‌നങ്ങളും സാധാരണമാണ്. ചെക്ക് മടങ്ങിയാൽ ദുബായിൽ കർക്കശമായ നിയമനടപടികളുണ്ട്. അങ്ങനെ ചെയ്യാതെ ഡൽഹിയിൽ കൊണ്ടുപോയി സിപിഐ എമ്മിന് പരാതി കൊടുത്തുവെന്ന് പറയുകയും ആ 'പരാതി' ഊരും പേരുമില്ലാതെ പുറത്തുവിടുകയും ചെയ്തതിനുപിന്നിൽ നടന്നത് വൻ ഗൂഢാലോചനയാണ്. ഇങ്ങനെയൊരു പരാതിയേ കിട്ടിയിട്ടില്ലെന്ന് പാർടി ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടും പരാതിയുണ്ടെന്നും അത് സിപിഐ എം കേരളഘടകത്തിനെതിരെ മറുചേരി ആയുധമാക്കുമെന്നുംവരെ കഥകൾ മെനഞ്ഞു.

22ാം പാർടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാനത്ത് ജില്ലാ സമ്മേളനങ്ങൾവരെ പൂർത്തിയാവുകയാണ്. ഇനി കണ്ണൂർ, തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങൾമാത്രമാണ് നടക്കാനുള്ളത്. ഫെബ്രുവരിയിൽ തൃശൂരിൽ സംസ്ഥാന സമ്മേളനവും. സമ്മേളന നടപടികൾ പൂർത്തിയാകുമ്പോൾ ദൃശ്യമാകുന്നത് കേരളത്തിൽ പാർടിയുടെ അജയ്യതയും കരുത്തുമാണ്. ഉൾപ്പാർടി ജനാധിപത്യം, സംഘടനാക്കരുത്ത്, ഐക്യം തുടങ്ങി എല്ലാ വിഷയങ്ങളിലും സിപിഐ എം തികഞ്ഞ മാതൃകയായി. ഈ ഘട്ടത്തിലാണ് മറ്റൊന്നും കിട്ടാതായപ്പോൾ പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയപ്രമേയം ആയുധമാക്കാൻ ശ്രമിച്ചത്. അതും ജനങ്ങളിലോ പാർടിപ്രവർത്തകരിലോ ഏശിയില്ല. അപ്പോഴാണ് അടിസ്ഥാനമില്ലാത്ത കഥമെനഞ്ഞ് വ്യക്തിഹത്യ നടത്തുന്നത്.

 

Follow Us:
Download App:
  • android
  • ios