പി കെ ശശിയ്ക്കെതിരെ സംഘടനാ തലത്തിൽ കടുത്ത നടപടി വേണമെന്ന നിലപാട് യുവതി ആവർത്തിച്ചതായാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വവും പി കെ ശശി കുറ്റക്കാരനാണെങ്കിൽ കർശന നടപടിയെടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്
പാലക്കാട്: പി കെ ശശി എംഎൽഎയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സിപിഎം നിയോഗിച്ച പാർട്ടി കമ്മീഷൻ പരാതിക്കാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. രണ്ടാഴ്ചക്കകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.
പ്രശ്നത്തിൽ നേതൃത്വം കർശന നിലപാട് എടുത്തതിനാൽ കമ്മീഷനും കടുത്ത നടപടി ശുപാർശ ചെയ്തേക്കുമെന്നാണ് സൂചന. സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ കെ ബാലനും പി കെ ശ്രീമതിയും കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയിൽ നിന്ന് ഫോൺ വഴി വിവരങ്ങൾ ശേഖരിച്ചത്.
പി കെ ശശിയ്ക്കെതിരെ സംഘടനാ തലത്തിൽ കടുത്ത നടപടി വേണമെന്ന നിലപാട് യുവതി ആവർത്തിച്ചതായാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വവും പി കെ ശശി കുറ്റക്കാരനാണെങ്കിൽ കർശന നടപടിയെടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംഘടന നടപടിയെടുത്താൽ പി.കെ.ശശിയെ എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്ക് കാരണമാകുമെന്ന് പാർട്ടിയിൽ ഒരു വിഭാഗം വിലയിരുത്തുന്നു. യുവതി നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും പിന്നീട് അത്തരം സാഹചര്യം ഉണ്ടായാൽ പാർട്ടി വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്.
പി.കെ.ശശിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു വും യുവമോർച്ചയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷമേ പൊലീസ് ഇക്കാര്യത്തിൽ നടപടിയെടുക്കൂ.
നേരത്തെ, പികെ ശശി പണം കൊടുത്ത് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതടക്കം ഡിവെെഎഫ്ഐ പ്രവര്‍ത്തകയായ യുവതി നല്‍കിയ പരാതിയുടെ വിശദാശംങ്ങള്‍ പുറത്ത് വന്നിരുന്നു. മൂന്ന് തവണ നേരിട്ട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു.
മണ്ണാര്‍ക്കാട്ട് നടന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി വനിതാ വോളണ്ടിയര്‍മാരുടെ ചുമതലയായിരുന്നു പരാതിക്കാരിയായി ഡിവൈഎഫ്ഐ നേതാവിനുണ്ടായിരുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി ഏരിയകമ്മറ്റി ഓഫിസലെത്തിയപ്പോള്‍ പികെ ശശി ഒരു കെട്ട് പണം നല്‍കി വഴങ്ങാന്‍ ആവശ്യപ്പെട്ടു എന്ന് യുവതി പരാതിയില്‍ പറയുന്നു.
പണം സ്വികരിക്കാതെ പ്രതിഷേധിച്ചപ്പോള്‍ റെഡ് വോളണ്ടിയര്‍സിന് വസ്ത്രം വാങ്ങാനുള്ള പണമാണ് നല്‍കിയതെന്നായിരുന്നു ശശിയുടെ വിശദീകരണം. അന്ന് തന്നെ ഏരിയാ സെക്രട്ടറിയെ പരാതി അറിയിച്ചു.
ഫോണ്‍ രേഖകളും പരാതിക്കൊപ്പം നല്‍കിയ സാഹചര്യത്തില്‍ മറ്റു തെളിവുകളാവശ്യമില്ലെന്നാണ് സംസ്ഥാനനേതാക്കളുടെ തീരുമാനം. പ്രധാന നേതാക്കളെല്ലാം അവഗണിച്ചിട്ടും ഒരു സിപിഎം ജില്ലാ കമ്മറ്റി അംഗം നല്‍കിയ പിന്തുണയോടെയാണ് യുവതി പരാതി നേതൃത്വത്തിനയച്ചത്.
