Asianet News MalayalamAsianet News Malayalam

സിപിഎമ്മുകാരനെ കുത്തിക്കൊന്ന സിപിഎമ്മുകാര്‍ പിടിയില്‍

CPM Murder arrest
Author
First Published Oct 6, 2017, 10:51 PM IST

തൃശൂര്‍: കൊടുങ്ങല്ലൂർ എസ് എൻ പുരത്ത് സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകരായ അഞ്ചാം പരത്തി പുറത്തിരി വീട്ടിൽ ബട്ടു എന്ന വൈശാഖ്, ഇലഞ്ഞിക്കൽ വീട്ടിൽ വിനു എന്ന വിനോദ് , തരൂപീടികയിൽ കുഞ്ഞുമോൻ എന്ന അബ്ദുൾ റഹിം, ചിറ്റാപ്പുറത്ത് ഇച്ചു എന്ന അനന്തു, വെളുത്തപ്പുരക്കൽ മന്ത്രി ബാബു എന്ന ബാബു ,നമ്പിത്തറ വീട്ടിൽ വിജയൻ ,അയിനിപ്പിള്ളി വീട്ടിൽ അനു, നെൽപ്പിനി വീട്ടിൽ സജിത്ത്, ചെന്നറ വീട്ടിൽ സുധീഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ നാലാം തീയ്യതി രാത്രിയിലായിരുന്നു സംഭവം. കാറിൽ പോകുകയായിരുന്ന സിയാദിനെയും കൂട്ടുകാരെയും തടഞ്ഞു നിർത്തിയ സംഘം സംഘട്ടനത്തിനിടയിൽ സിയാദിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഒരു മാസം മുമ്പ് എ.കെ.ജി.നഗറിൽ നടന്ന ഓണഘോഷത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സിയാദിന്റെ സുഹൃത്ത് ആഷിക്കും മറ്റു സുഹൃത്തുക്കളും പ്രതികളുമായി വാക്ക് തർക്കമുണ്ടാവുകയും പരിപാടി അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായി ആഷിക്കും, സിയാദും ഉൾപ്പെടെയുള്ളവർ എ.കെ.ജി.നഗർ വഴി കാറിലെത്തിയ സമയത്ത് വൈശാഖിന്റെ നേത്യത്വത്തിലുള്ള സംഘം കാർ തടഞ്ഞു നിർത്തുകയും തുടർന്നുണ്ടായ സംഘട്ടനത്തിനിടയിൽ ഇരുമ്പ് കൊണ്ടുള്ള ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

കൂടെയുണ്ടായിരുന്നവരെ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.യുടെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയും ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.ഈ കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാവാനുണ്ട്. കൊടുങ്ങല്ലൂർ സി.ഐ.പി.സി.ബിജുകുമാർ, മതിലകം എസ്.ഐ.മനു .വി .നായർ, അഡീഷ്ണൽ എസ്.ഐ.സുനിൽ ഗോപി ,സുബ്രഹ്മണ്യൻ, സത്യൻ, സീനിയർ സി.പി.ഒ മാരായ മുഹമ്മദ് റാഫി, സജ്ജയൻ, മുഹമ്മദ് അഷ്റഫ് ,എം.കെ.ഗോപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.