അക്രമം നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന് മലപ്പുറത്ത് ധാരണ സിപിഎം - മുസ്ലീം ലീഗ് യോഗത്തിലാണ് ധാരണയായത്
മലപ്പുറം: ജില്ലയുടെ തീരപ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന രാഷ്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. അക്രമം നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഎം, മുസ്ലീം ലീഗ് ജില്ലാ നേതാക്കള്‍ സമാധാനയോഗത്തില്‍ ഉറപ്പു നല്‍കി. ജില്ലാ ഭരണകൂടത്തിന്‍റ നേതൃത്വത്തിലുള്ള ചര്‍ച്ചയാണ് ഇന്നു നടന്നത്. താനൂർ തിരൂർമേഖലയിൽ മുസ്ലീം-ലീഗ് സി.പി.എം സംഘർഷം അതിരുവിടുന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ ഇടപെടൽ.
തീരപ്രദേശത്തെ കൊടി തോരണങ്ങല്‍ മാറ്റും. അക്രമം സംബന്ധിച്ച് നിലവിലുള്ള കേസുകള്‍ തുടരാനും ഇരുപാർട്ടികളും സംയുക്തമായി പ്രചാരണ പരിപാടി നടത്താനും ധാരണയായിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്രീയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
പ്രാദേശിക നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ മലപ്പുറത്തെ തീരദേശമേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നേരത്തെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും പാലോളി മുഹമ്മദ് കുട്ടിയുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ധാരണയായിരുന്നു. ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കള്‍ പങ്കെടുത്ത സമാധാന യോഗവും ഇതേത്തുടര്‍ന്ന് തിരൂരില്‍ നടന്നിരുന്നു.
