കണ്ണൂര്‍: കണ്ണൂരില്‍ ഗണേശോത്സവത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടെ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം. കണ്ണൂരിലെ ചാല, പാതിരിയാട് എന്നീ ഭാഗങ്ങളിലാണ് വ്യാപകമായ ആക്രമണം നടന്നത്. പ്രദേശങ്ങളിലെ ആക്രമണത്തില്‍ ലോക്കല്‍ കമ്മറ്റി ഓഫീസുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.

പുതിയ തെരുവില്‍ ഉണ്ടായ ആക്രമണത്തില്‍ സിപി എം ഓഫീസിനു നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും കല്ലേറുണ്ടായി. നിരവധി പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആര്‍എസ്എസിനാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. ആക്രമണ സാധ്യത കണക്കിലെടുത്ത് ഘോഷയാത്ര വഴി തിരിച്ച് വിട്ടിരുന്നെങ്കിലും ഘോഷയാത്രയ്ക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.

തലശ്ശേരിയില്‍ അടക്കമുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്. ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. പോലീസ് അന്വേഷണം പുരോഗമിപ്പിക്കുകയാണ്.