കണ്ണൂര്‍: ഷുക്കൂർ വധക്കേസിൽ സിബിഐയുടെ രാഷ്ട്രീയക്കളിയെന്ന് ആരോപിക്കുമ്പോഴും കേസ് നേരിടുന്ന കാര്യത്തിൽ പ്രതികരണം കരുതലോടെ മതിയെന്ന തീരുമാനത്തിലാണ് സിപിഎം. സിബിഐ അന്വേഷണത്തെ എതിർത്ത് സുപ്രീംകോടതിയിൽ നൽകിയ കേസിൽ തുടർ സാധ്യതകളുണ്ടോയെന്നും സിപിഎം ആരായുന്നുണ്ട്. 

പൊലീസ് കണ്ടെത്തലിൽ നിന്ന് ഒരുപടി കടന്ന് ജയരാജന് മേൽ കൊലക്കുറ്റവും ഗൂഢാലോചനയും, ടി.വി രാജേഷിന് മേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിരിക്കുകയാണ് സിബിഐ. രാഷ്ട്രീയക്കളിയെന്ന് പറയുമ്പോഴും കേസ് എങ്ങനെ നേരിടുമെന്ന കാര്യം സിപിഎം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ നേതാക്കളും പ്രതികരണം നിയന്ത്രിച്ചു. 

തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ കേസിനെ ഗൗരവമായാണ് പാർട്ടി കാണുന്നത്. പാർട്ടിക്കകത്തും നിയമവിദഗ്ധരുമായും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. വിചാരണ നേരിടുകയല്ലാതെ മറ്റുവഴിയുണ്ടാകാനിടയില്ലെന്ന തോന്നലും ശകതമാണ്. ഇന്ന് മാധ്യമങ്ങളെ കാണുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. 

സിബിഐ അന്വേഷണത്തെ എതിർത്ത് പി ജയരാജനടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കേസ് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാൻ കോടതി നിർദേശിച്ചത്. ഈ ഹർജിയിൽ തുടർ നടപടികളുണ്ടാകുമോയെന്ന ആശങ്ക ഷുക്കൂറിന്റെ കുടുംബത്തിനുമുണ്ട്. വിചാരണയിലേക്ക് എത്തിച്ചെങ്കിലും കാത്തിരിക്കേണ്ടതുണ്ട് എന്നാണ് പൊതുവികാരം. 

കണ്ണൂരിൽ പി ജയരാജനുൾപ്പെട്ട സിബിഐ അന്വേഷണത്തിൽ കുരുക്ക് മുറുകുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകക്കേസാണിത്. കതിരൂർ മനോജ് വധക്കേസിൽ പി ജയരാജൻ ഇരുപത്തിയഞ്ചാം പ്രതിയാണ്. അതേസമയം, നീതിയുക്തമായ വിചാരണ ഉറപ്പാക്കാൻ തലശേരിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷുക്കൂറിന്റെ സഹോദരൻ.