സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്ത തിരുവനന്തപുരം സ്വദേശി കൊടകരയിൽ അറസ്റ്റിൽ.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചിരുന്നത്.

വെള്ളിക്കുളങ്ങര സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ് ശാന്താ നിവാസില്‍ ബിനോജ് കുമാര്‍ എന്ന 43 കാരനെ പിടികൂടിയത്. സീരിയല്‍ നിര്‍മ്മാണവുമായി ബന്ധമുള്ളയാള്‍ എന്ന വ്യാജേനയാണ് ഇയാള്‍ സ്ത്രീകളുമായി ഫെയ്‌സ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യങ്ങള്‍ വഴി ബന്ധം സ്ഥാപിച്ചിരുന്നത്. സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ സ്ത്രീകളെയാണ് ഇയാള്‍ വലയിലാക്കിയിരുന്നത്.

സീരിയല്‍ നിര്‍മ്മാണം ഏറെ ലാഭകരമാണെന്നു ധരിപ്പിച്ച് പണം തട്ടുകയാണ് ഇയാള്‍ ചെയ്തിരുന്നത്. കൂടാതെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയും ഇയാള്‍ പണം തട്ടിയിരുന്നു. നിരവധിപേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. വെള്ളിക്കുളങ്ങര സ്വദേശിനിയുടെ പരാതിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്. കൊടകര സി ഐ കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.