തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റർ ചെയ്തെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പുതുച്ചേരിയിൽ കൃഷിഭൂമിയുണ്ടെന്ന് സുരേഷ് ഗോപി ക്രൈബ്രാഞ്ചിനെ അറിയിച്ചു. കൃഷിഭൂമിയിൽ പോകാൻ താമസിച്ചിരുന്ന വീടിന്റെ വിലാസത്തിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഈ വീടിന്റെ വാടകരേഖകൾ ക്രൈംബ്രാഞ്ചിന് നൽകി. രേഖകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കുമെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ, മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് 10.15ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമെങ്കിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ വ്യവസ്ഥപ്രകാരം നോട്ടിസ് നൽകി വിളിച്ചുവരുത്താമെന്നും കോടതി വ്യക്തമാക്കി.
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യഹർജി കോടതിയുടെ ക്രിസ്മസ് അവധിക്കുശേഷം വീണ്ടും പരിഗണിക്കും. കേന്ദ്ര, സംസ്ഥാന മോട്ടോർ വാഹനച്ചട്ടങ്ങൾ ഹർജിക്കാരൻ ലംഘിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചു. സുരേഷ് ഗോപി വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്നാണ് കേസ്.
