കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി തുടരുന്നു. ഇന്ന് 768 സര്‍വ്വീസുകള്‍ മുടങ്ങി. വരുമാനത്തില്‍ കുറവില്ലെന്ന് കെ എസ് ആര്‍ ടി സി.

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ശേഷമുള്ള പ്രതിസന്ധി തുടരുകയാണ്. ഇന്ന് 768 സര്‍വ്വീസുകളാണ് മുടങ്ങിയത്. അതേസമയം, സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിനാല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വരുമാനം 7 കോടി കടന്നുവെന്ന് കെ എസ് ആര്‍ ടി സി ആവകാശപ്പെട്ടു.

താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടശേഷം ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. 963 സര്‍വ്വീസുകള്‍ മുടങ്ങിയ ഇന്നലെ 7,66,16,336 രൂപയാണ് വരുമാനം. കഴിഞ്ഞ ശനിയാഴ്ചയെ അപേക്ഷിച്ച് ഒരു കോടിയോളം രൂപയുടെ വര്‍ദ്ധനയാണിത്. തിരുവനന്തപുരം മേഖയലില്‍ 284ഉം, എറണാകുളം മേഖലയില്‍ 312ഉം, കോഴിക്കോട് മേഖലയില്‍ 172 ഉം അടക്കം 768 സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ രണ്ടായിരത്തോളം താല്‍ക്കാലിക ഡ്രൈവര്‍മാരും ആശങ്കയിലാണ്. പി എസ് സി വഴി അല്ലാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. വര്‍ഷങ്ങളായി താല്‍ക്കാലിക ഡ്രൈവര്‍മാരായി തുടരുന്ന രണ്ടായിരത്തോളം പേര്‍ കെ എസ് ആര്‍ ടി സിയിലുണ്ട്.

എംപോളോയ്മെന്‍റ് എക്സചേഞ്ച് വഴി നിയമനം ലഭിക്കുന്നവര്‍ക്ക് 179 ദിവസത്തില്‍ കൂടുതല്‍ തുടരാനാകില്ല. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലുള്ള നിയമപ്രശ്നങ്ങള്‍ പഠിക്കാനും, താല്‍ക്കാലിക നിയമനങ്ങളുടെ സാധ്യത പഠിക്കാനുമായി സര്‍ക്കാര്‍ വിദ​ഗ്ദ സമിതിയെ നിയോഗിച്ചു. പിരിച്ചുവിട്ട കണ്ടക്ടര്‍മാരുടെ വിശദാംശങ്ങള്‍ അവരില്‍ നിന്ന് നേരിട്ട് ശേഖരിച്ച് നാളെ തന്നെ സമിതിക്ക് സമര്‍പ്പിക്കാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് കെ എസ് ആര്‍ ടി സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.