Asianet News MalayalamAsianet News Malayalam

വാഹനാപകടം: ബാലഭാസ്‌കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു

ഉച്ചയ്ക്ക് ആരംഭിച്ച ശസ്ത്രക്രിയ അല്‍പ്പം മുമ്പാണ് അവസാനിച്ചത്. 

critically injured balabhaskar and wife s surgery completed
Author
Thiruvananthapuram, First Published Sep 25, 2018, 5:16 PM IST

തിരുവനന്തപുരം: വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ വയലനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിനെ വിദഗ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ ഭാര്യ ലക്ഷ്മിയ്ക്കും ശസ്ത്രക്രിയ നടത്തി. ഉച്ചയ്ക്ക് ആരംഭിച്ച ശസ്ത്രക്രിയ അല്‍പ്പം മുമ്പാണ് അവസാനിച്ചത്. 

അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്ന് ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെ രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ട് വയസ്സുള്ള മകള്‍ തേജസ്വി ബാല മരിച്ചു. 

ദേശീയപാതയില്‍ നിന്ന് തെന്നിമാറിയ വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവസമയം അതുവഴി കടന്നു പോയ വാഹനത്തിലെ യാത്രക്കാര്‍ നൽകിയ വിവരമനുസരിച്ച്  സ്ഥലത്ത് എത്തിയ ഹൈവേ പൊലീസാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. 

അപകടം നടക്കുമ്പോൾ വാഹനത്തിന്റെ മുൻസീറ്റിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു മകൾ തേജസ്വി ബാല. ഭാര്യ ലക്ഷമി പിറകിലെ സീറ്റിലായിരുന്നു. ഹൈവേ പൊലീസും പിന്നീട് സ്ഥലത്ത് എത്തിയ ഫയർഫോഴ്സും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ച് നാല് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ മകള്‍ മരണപ്പെട്ടുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. 

കല്ല്യാണം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്കര്‍-ലക്ഷമി ദമ്പതികൾക്ക് ഒരു മകൾ ജനിച്ചത്. കാത്തിരുന്നുണ്ടായ മകളുടെ പേരില്‍ ക്ഷേത്രത്തില്‍ വഴിപാട് ചെയ്യാനാണ് കുടുംബം തൃശ്ശൂരിലേക്ക് പോയത്. 

Follow Us:
Download App:
  • android
  • ios