ജനങ്ങള്‍ക്ക് മുന്നില്‍ ബിജെ പിയെ അപഹാസ്യരാക്കാനാണ് സമരം ഇടയാക്കിയതെന്ന് മുരളീധരപക്ഷം പറഞ്ഞു. എന്നാല്‍ സമരം വന്‍ വിജയമായിരുന്നെന്ന് ശ്രീധരന്‍പിള്ള പക്ഷം 

തൃശൂര്‍: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ശബരിമല സമരത്തെ ചൊല്ലി രൂക്ഷ വിമർശനം.സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അനാവശ്യമായിരുന്നെന്ന് മുരളീധര പക്ഷം അഭിപ്രായപ്പെട്ടു.എന്നാല്‍ സമരം വൻ വിജയമായിരുന്നുവെന്ന നിലപാടില്‍ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ഉറച്ചുനിന്നു. ഫെബ്രുവരി രണ്ടാം വാരത്തോടെ എൻഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയവും ശബരിമലസമരവുമായിരുന്നു തൃശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് മുരളീധരപക്ഷം മുന്നോട്ടുവെച്ചത്. സമരം ജനങ്ങൾക്കു മുന്നിൽ ബിജെപിയെ അപഹാസ്യമാക്കിയെന്നും വിമർശനം ഉയര്‍ന്നു. എന്നാല്‍ കൃഷ്ണദാസ് പക്ഷം ഇതിനെ പൂര്‍ണമായി എതിര്‍ത്തു. ശബരിമലയിൽ ഊന്നി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോർ കമ്മിറ്റിയിൽ തീരുമാനമായത്. 

ബിഡിജെഎസിനെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ബിഡിജെഎസ് 8 സീറ്റ് ചോദിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് ചോദ്യമുയര്‍ന്നു.ഇത്ര സീറ്റില്‍ മത്സരിക്കാൻ അവര്‍ക്ക് ആളെ കിട്ടുമോയെന്നും യോഗത്തില്‍ ചിലര്‍ പരിഹസിച്ചു. എന്നാല്‍ ബിഡിജെഎസിന് 6 സീറ്റെങ്കിലും നല്‍കണമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുടെ നിലപാട്.ഭൂരിപക്ഷം എതിര്‍ത്തതോടെ 4 സീറ്റ് നല്‍കാൻ തീരുമാനമായി.ഏതൊക്ക സീറ്റെന്ന് ദേശീയ നേതൃത്വത്തുമായി ആലോചിച്ച് തീരുമാനിക്കും.അതിനു ശേഷമെ ബിജെപി മത്സരിക്കുന്ന സീറ്റുകള് തീരുമാനിക്കൂ.എൻഡിഎയില്‍ സീറ്റ് വിഭജനെത്ത ചൊല്ലി ധാരണയായെന്ന് പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി

ശക്തമായ ത്രികോണ മത്സരമാണ് എല്ലാ മണ്ഡലത്തിലും ബിജെപി പ്രതീക്ഷിക്കുന്നത്.പ്രചാരണത്തിനായി കേന്ദ്ര നേതാക്കൾ അടുത്ത മാസം കേരളത്തിലെത്തും .ഫെബ്രുവരി 5 നകം എല്ലാ ബൂത്തിലും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും.ഫെബ്രുവരി രണ്ടാം വാരത്തോടെ പൂര്‍ണതോതില്‍ പ്രചാരണം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.