1990ലാണ് അര്‍ജന്‍റീന ഈ നേട്ടം സ്വന്തമാക്കിയത്

മോസ്കോ: കൃത്യം 20 വര്‍ഷത്തിന്‍റെ ഇടവേളയ്ക്ക് ശേഷമാണ് ക്രൊയേഷ്യന്‍ ടീം ലോകകപ്പിന്‍റെ സെമിയില്‍ എത്തുന്നത്. 1998ല്‍ ഫ്രാന്‍സില്‍ മൂന്നാം സ്ഥാനക്കാരായതാണ് ടീമിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. പൊരുതി കളിച്ച റഷ്യയെ ഷൂട്ടൗട്ടില്‍ കരയിച്ച ശേഷമാണ് ലൂക്കാ മോഡ്രിച്ചും സംഘവും അവസാന നാലിലെത്തിയത്.

രണ്ടു വട്ടം ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീനയുടെ നേട്ടത്തിനൊപ്പമെത്താന്‍ ക്വാര്‍ട്ടറിലെ വിജയം ക്രൊയേഷ്യയെ സഹായിച്ചിരിക്കുകയാണ്. ഒരു ലോകകപ്പില്‍ രണ്ടു പ്രാവശ്യം ഷൂട്ടൗട്ടില്‍ ജയിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ടീമാണ് ക്രൊയേഷ്യ. 1990ല്‍ അര്‍ജന്‍റീന സ്വന്തമാക്കിയ ഈ നേട്ടം ഇതുവരെ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാതെ നിലനിന്നു പോവുകയായിരുന്നു.

അര്‍ജന്‍റീനയുടെ സെര്‍ജിയോ ഗോയ്ക്കോച്ചെയുടെ നേട്ടത്തിനൊപ്പമാണ് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡാനിയേല്‍ സുബാസിച്ചും എത്തി നില്‍ക്കുന്നത്. ഡെന്‍മാര്‍ക്കിനെതിരെ പ്രീക്വാര്‍ട്ടറിലായികുന്നു ക്രൊയേഷ്യയുടെ ആദ്യ ഷൂട്ടൗട്ട് വിജയം. ഇന്നലെ ക്വാര്‍ട്ടറിലും പെനാല്‍റ്റി ഭാഗ്യം യൂറോപ്യന്‍ ടീമിനെ തുണച്ചപ്പോള്‍ ആതിഥേയരായ റഷ്യയുടെ മുന്നോട്ടുള്ള വഴികള്‍ അടയുകയായിരുന്നു.