ആലപ്പുഴ: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന 'ശ്യാമ വിപ്‌ളവം' പദ്ധതിയിലെ കൂടുകളിലെ കരിമീന്‍ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. നാഷണല്‍ ഫിഷറീസ് ഡെവലപ് മെന്റ് ബോര്‍ഡിന്റെ സഹായത്തോടെയാണ് കൂടുകളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതി ജില്ലയില്‍ നടപ്പാക്കിയത്. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ച 'കേജ് കള്‍ച്ചര്‍' രീതി പ്രയോജനപ്പെടുത്തിയാണ് മത്സ്യം വളര്‍ത്തല്‍. 

മത്സ്യഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി കൂടുകളില്‍ കരിമീന്‍, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങള്‍ വളര്‍ത്താന്‍ ആനുകൂല്യം നല്‍കുന്നത്. മൂന്നരലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതിയില്‍ കരിമീന്‍, കാളാഞ്ചി എന്നിവ വളര്‍ത്തുന്നതിന് 50 ശതമാനം സബ്‌സിഡി ഫിഷറീസ് വകുപ്പ് നല്‍കും. ജില്ലയില്‍ ആറാട്ടുപുഴ, ആലപ്പുഴ, തണ്ണീര്‍മുക്കം, പള്ളിപ്പുറം, വയലാര്‍, തൈക്കാട്ടുശേരി, പാണാവള്ളി തുടങ്ങിയ വിവിധ സ്ഥലങ്ങളിലായി 35 ഗ്രൂപ്പുകളില്‍ പദ്ധതി നടപ്പാക്കുന്നു.

ഒരു യൂണിറ്റിന് 10 കൂടുകള്‍ നിര്‍മ്മിക്കാനുള്ള വലയും മറ്റും ഫിഷറീസ് വകുപ്പ് നല്‍കും. പ്ലാസ്റ്റിക് പൈപ്പുകളോ തടിയോ ഉപയോഗിച്ച് ദീര്‍ഘ ചതുരാകൃതിയിലുണ്ടാക്കിയ ഫ്രെയിമുകളുടെ നാലുവശവും കണ്ണിയകലം കുറഞ്ഞ വലകൊണ്ട് പൊതിഞ്ഞാണ് കൂടുകളുണ്ടാക്കുന്നത്. രണ്ട് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ആഴവുമുള്ള കൂടുകളാണ് നിര്‍മ്മിക്കുന്നത്. ഒരു കൂടില്‍ 200 കുഞ്ഞുങ്ങളെവരെ നിക്ഷേപിക്കും. ആറ് മുതല്‍ എട്ടുമാസം വരെ കൂടുകളില്‍ വളരുന്ന കാളാഞ്ചി, കരിമീന്‍ കുഞ്ഞുങ്ങള്‍ 250 മുതല്‍ 450 ഗ്രാം വരെ വളര്‍ച്ചയുണ്ടാകും.