കേരളത്തിലെ മുന്നോക്ക വിഭാഗങ്ങളില്‍ 25 ശതമാനത്തോളം പേര്‍ യുഡിഎഫിനെ കൈവിട്ട് ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തെന്ന് ദില്ലി ആസ്ഥാനമായുള്ള സിഎസ്ഡിഎസ് ലോക്നീതി പഠനം വ്യക്തമാക്കുന്നു. ഈഴവ വോട്ടുകളില്‍ 10 ശതമാനത്തിന്‍റെ വര്‍ദ്ധനവേ ബിജെപിക്ക് ഉണ്ടായുള്ളു എന്നും ന്യൂനപക്ഷ വോട്ടുകളില്‍ അഞ്ച് ശതമാനത്തിന്‍റെ വര്‍ദ്ധനവ് എല്‍ഡിഎഫിന് ഉണ്ടായെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.


കേരളത്തിലെ പോള്‍ചെയ്ത വോട്ടുകളും സിഎസ്ഡിഎസ് നടത്തിയ സര്‍വ്വെയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിലാണ് ഇത്തവണ യുഡിഎഫിന് എവിടെയൊക്കെ വോട്ട് ചോര്‍ന്നു എന്ന് വ്യക്തമാക്കുന്നത്. ബിജെപി രണ്ട് മുന്നണികള്‍ക്കും വലിയ ഭീഷണിയായി വളരുന്നുവെന്നാണ് പഠനം പറയുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 ശതമാനം മുന്നോക്ക വിഭാഗ വോട്ടര്‍മാരാണ് ബിജെപിക്കൊപ്പം നിന്നത്. ഇത്തവണ അത് 34 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഈഴവ വിഭാഗത്തിന്‍റെ വലിയ പിന്തുണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെയായിരുന്നു. ബിഡിജെഎസ് ഒപ്പമുണ്ടായിട്ടും ബിജെപിയുടെ ഈഴവ വോട്ടുകള്‍ 2011ലെ എട്ട് ശതമാനത്തില്‍ നിന്ന് 23 ശതമാനത്തിലേ എത്തിയുള്ളു. എന്നാല്‍ ദളിത് വിഭാഗ വോട്ടുകളില്‍ എല്‍ഡിഎഫില്‍ നിന്ന് 15 ശതമാനത്തിന്‍റെ ചോര്‍ച്ച ബിജെപിയിലേക്കുണ്ടായി. 2011ല്‍ ഒരു ശതമാനം ക്രിസ്ത്യാനി വോട്ടുകള്‍വരെയാണ് ബിജെപിക്ക് കിട്ടിയതെങ്കില്‍ ഇത്തവണ അത് 10 ശതമാനമായി ഉയര്‍ന്നു. പുരുഷ വോട്ടര്‍മാരില്‍ കൂടുതല്‍ പേര്‍ എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ സ്‌ത്രീകള്‍ യുഡിഎഫിനോടാണ് താല്‍പര്യം കാട്ടിയത്. 25 വയസ്സില്‍ താഴെയുള്ളവരുടെ വോട്ടുകളാണ് ബിജെപിക്ക് കൂടുതല്‍ കിട്ടിയതെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം ബിജെപിക്ക് ഇരുമുന്നണികളെയും മറികടക്കണമെങ്കില്‍ ഇപ്പോള്‍ നേടിയ വോട്ടുകളില്‍ നിന്ന് വലിയ കുതിച്ചുകയറ്റം തന്നെ ആവശ്യമായി വരും. മറ്റ് സംസ്ഥാനങ്ങളില്‍ കണ്ടതുപോലെ ഏതെങ്കിലുമൊരു പാര്‍ടിയുടെ വോട്ടുകള്‍ രാഷ്‌ട്രീയമായി തന്നെ ഒപ്പം കൊണ്ടുവന്നാലെ ഇതിന് കഴിയുവെന്നാണ് സിഎസ്ഡിഎഫ് ലോക്നീതിയുടെ വിലയിരുത്തല്‍.