ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിയുന്ന ഗുവാബിനെ ശനിയാഴ്ച്ച പൊലീസ് പിടികൂടുന്നത്. ഡിഎൽഎഫ് ശങ്കർ വിഹാറിലെ വീട്ടിൽനിന്നും 18 വയസുള്ള മകൻ രോഹിതിനൊപ്പമാണ് ഗുലാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി ഒളിവിൽ കഴിയുന്നതിനായി ഭർത്താവിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നത് ഭാര്യ അഞ്ജുവാണ്.
ഗാസിയാബാദ്: പൊലീസുകാർ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ഒളിവിൽ കഴിയുകയായിരുന്ന കൊടുംകുറ്റവാളി ഒടുവിൽ പിടിയില്‍. മയക്കുമരുന്ന് കേസിലെ പ്രതിയായ ഗുലാബ് സിങ്ങ് (42) നെ വീട്ടിലെ അലമാരയിൽനിന്നുമാണ് പൊലീസ് പിടികൂടിയത്. 2017 മുതലാണ് ഇയാളെ കാണാതായത്.
2017 ജൂലൈ 13 ന് ലോനി ബോർഡർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അജയ് ശങ്കർ ഗുലാബിനെ ചോദ്യം ചെയ്യാനായി വീട്ടില്‍ നിന്നും കൂട്ടികൊണ്ട് പോയിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. എന്നാൽ തന്റെ ഭർത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതി ലഭിച്ചപ്പോഴാണ് ഗുലാബിനെ കാണാനില്ലെന്ന വിവരം പൊലീസ് അറിയുന്നത്. വീട്ടിൽനിന്നും ഇറക്കിക്കൊണ്ട് പോയ പൊലീസുകാര്‍ ഭർത്താവിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ഗുലാബിന്റെ ഭാര്യയുടെ ആരോപണം.
ഭർത്താവിനെ കണ്ടെത്തുന്നതിൽ ഉത്തരവാദിത്തമില്ലെന്ന് ആരോപിച്ച് ഗുലാബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കോൺസ്റ്റബിൾ അജയ് ശങ്കറിനെ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. എന്നാൽ അന്വേഷണത്തിനുശേഷം അജയ് ശങ്കറിനെതിരായ തെളിവുകളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ വീണ്ടും സർവ്വീസിൽ തിരിച്ചെടുത്തിരുന്നു.
ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിയുന്ന ഗുവാബിനെ ശനിയാഴ്ച്ച പൊലീസ് പിടികൂടുന്നത്. ഡിഎൽഎഫ് ശങ്കർ വിഹാറിലെ വീട്ടിൽനിന്നും 18 വയസുള്ള മകൻ രോഹിതിനൊപ്പമാണ് ഗുലാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി ഒളിവിൽ കഴിയുന്നതിനായി ഭർത്താവിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നത് ഭാര്യ അഞ്ജുവാണ്.
അതേസമയം നിരവധി കേസുകളിലെ പ്രതിയായ ഗുലാബ് സിങ്ങ് അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഒളിവിൽ പോയതെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു. വീട്ടിൽ പൊലീസോ അതിഥികളോ വരുമ്പോൾ അലമാരയ്ക്കുള്ളിലാണ് ഒളിക്കുക. ഒരിക്കൽ വീട്ടിൽ അതിഥികൾ വന്ന സമയം രണ്ട് ദിവസം വരെ അലമാരയിൽ ഒളിച്ചിരുന്നതായും ഗുലാബ് കൂട്ടിച്ചേർത്തു.
ദില്ലിയിലെ മയക്ക് മരുന്ന് മാഫിയകളുമായി അടുത്ത ബന്ധമുള്ളയാളാണ് ഗുലാബ്. 2011 മുതൽ ഡൽഹി-ഗാസിയാബാദ് എന്നിവിടങ്ങളിൽ അനധികൃതമായ മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു. മയക്ക് മരുന്ന് വിൽപന കൂടാതെ കൊലപാതക ശ്രമമടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഗുലാബ്.
