തിരുവനന്തപുരം: കറന്‍സി നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രതിമാസ ശമ്പള പെന്‍ഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ധന വകുപ്പ്. പ്രതിസന്ധി മറികടക്കാന്‍ 1700 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശമ്പള വിതരണവും ക്ഷേമ പെന്‍ഷനും കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാര്‍ ഉടന്‍ കണ്ടെത്തേണ്ടത് 3200 കോടി രൂപയാണ് . ഇതില്‍ 1700 കോടി രൂപ കടമെടുത്തു. ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ഉറപ്പു പറയുമ്പോഴും ആ ഉറപ്പ് പക്ഷെ കറന്‍സി ലഭ്യതയുടെ കാര്യത്തിലില്ല. പ്രതിസന്ധി മറികടക്കാന്‍ ആവശ്യത്തിന് കറന്‍സി ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് ധനവകുപ്പിന്റെ ഉറപ്പ്.

കറന്‍സി നിരോധനത്തിന്റെ ആഘാതം ആദ്യം നേരിട്ട നവംബറില്‍ 2500 കോടി രൂപയുടെ കടപത്രമിറക്കിയാണ് ധനവകുപ്പ് പിടിച്ച് നിന്നത്. നോട്ട് പ്രതിസന്ധി നാല്‍പത് ദിവസം പിന്നിടുമ്പോള്‍ അതി ദയനീയമാണ് സര്‍ക്കാറിന്റെ സാമ്പത്തികാവസ്ഥ. നവംബര്‍ മുപ്പത് വരെയുള്ള കണക്കനുസരിച്ച് പ്രതീക്ഷിച്ച വരുമാനത്തില്‍ 4033 കോടി രൂപയുടെ കുറവുണ്ട്.

ഡിസംബര്‍ പകുതി വരെ വാണിജ്യ നികുതി ഇനത്തില്‍ മാത്രം 300 കോടി കുറഞ്ഞു. എല്ലാ മേഖലകളിലും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് . ഈ സാഹചര്യത്തിലാണ് കടമെടുപ്പ് പരിധി കൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാന്‍ ധനവകുപ്പ് നീക്കം. ഇതൊടൊപ്പം നിത്യചെലവുകള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കിയാണ് ക്ഷാമകാലത്ത് സര്‍ക്കാര്‍ പിടിച്ച് നില്‍ക്കുന്നത്.