തിരുവനന്തപുരം: നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ പ്രതി മരിച്ചു. കടയ്ക്കാവൂർ സ്വദേശി ബാബുവാണ് ഇന്നലെ രാത്രിയിൽ ചിറയിൻകീഴ് ആശുപത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആലങ്കോട് കുടുവൂർക്കോണം സ്വദേശി ബാബു മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെയും ബാബു ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ബാബു ഓടി രക്ഷപ്പെട്ടു. രണ്ടരയോടെ വീണ്ടും ഇയാള്‍ സ്ഥലത്തെത്തിയ ബഹളമുണ്ടാക്കിയപ്പോൾ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇയാളെ പിടിച്ചുകെട്ടി. ഇതിനുശേഷമാണ് പൊലീസെത്തി ബാബുവിനെ കൂട്ടികൊണ്ടുപോയത്.

സ്റ്റേഷനിലെത്തിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ബാബുവിനെ ഉടൻ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബാബുവിനെ പിടികൂടിയ നാലുപേരെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ആർടിഒയുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയക്കിയ മൃതദേഹം പോസ്റ്റുമോ‍ട്ടത്തിനായി തിരുവനന്തപുരപം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോ‍ച്ചറിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ആറ്റിങ്ങല്‍ എഎസ്‍പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.