1982ലാണ് സംസ്ഥാനത്ത് ഇതിന് മുന്‍പ് ഗണ്യമായ മഴ കുറവുണ്ടായത്. പെയ്യേണ്ട മഴയുടെ അന്‍പത് ശതമാനമേ അന്ന് കിട്ടിയുള്ളൂ. മഴ കുറവ് അത്രത്തോളമില്ലൈങ്കിലും 35 വര്‍ഷത്തിന് ശേഷം ഇത്ര മഴ കുറയുന്നത് ആദ്യമായാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇക്കഴിഞ്ഞ മൂന്ന് വരെയുള്ള മഴയുടെ കണക്ക് വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ശരാശരി 37 ശതമാനം മഴയുടെ കുറവുണ്ടായി എന്നാണ്. 2701 മില്ലീലിറ്റര്‍ മഴ കിട്ടേണ്ടിടത്ത് ലഭ്യമായത് 1705. 8 മില്ലീലിററര്‍ മാത്രമാണ്. മഴ ലഭ്യതയില്‍ 59 ശതമാനം കുറവുള്ള വയനാട് ജില്ലയാണ് കടുത്ത വരള്‍ച്ച നേരിടുന്നത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് പിന്നാലെയുള്ളത്.

1982ലെ വരള്‍ച്ചയില്‍ കൃഷി, കുടിവെള്ളം, വൈദ്യുതി ഉത്പാദനം തുടങ്ങിയവ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ 82 ആവര്‍ത്തിച്ചേക്കാമെന്നാണ് കോഴിക്കോട്ടെ ജലവിഭവ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ ജലവിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, നദികളില്‍ റഗുലേറ്ററുകള്‍ സ്ഥാപിച്ച് ജലംസംഭരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സിഡബ്ല്യൂ ആര്‍ഡിഎം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.