പരാതിക്കാരിയുടെ ചാറ്റുകൾ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തിയാണ് അധിക്ഷേപിച്ചതെന്ന് സൈബർ പൊലീസ് ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് കേസ്. രാഹുൽ മാങ്കൂട്ടത്തിൻെറ സുഹൃത്തും കോണ്‍ഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെയാണ് കേസെടുത്തു. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പൊലീസിന്‍റെ നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാൽ അധിക്ഷേപ പോസ്റ്റിട്ടത്.
അതേ സമയം, പോലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് രാഹുലിനെ മാവേലിക്കര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജയിലിനു മുന്നിൽ ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. കോടതിയിൽ ഹാജരാക്കും മുമ്പ് ഉച്ചയ്ക്ക് രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോലീസ് സംഘം വൈദ്യ പരിശോധന നടത്തി. കഴിഞ്ഞ ദിവസത്തെ വൻ പ്രതിഷേധം കണക്കിലെടുത്തു വൻ പോലിസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. എങ്കിലും ആശുപത്രിയിൽ പ്രതിഷേധക്കാരാരും ഉണ്ടായിരുന്നില്ല. വൈദ്യ പരിശോധനയ്ക്ക് കയറും മുൻപ് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും രാഹുൽ പതിവ് മൗനം തുടർന്നു.
വൈദ്യ പരിശോധന പൂർത്തിയാക്കി ഉച്ചയോടെയാണ് പോലീസ് സംഘം രാഹുലിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രാഹുലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തിച്ചപ്പോൾ രാഹുലിനെതിരെ ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. രാഹുലുമായി എത്തിയ പോലിസ് വാഹനത്തിനേരെ ചീമുട്ട ഏറുണ്ടായി.
ഇതിനിടെയാണ്, പരാതിക്കാരിയുമായുളള വാട്സ് ആപ്പ് ചാറ്റുകള്‍ എന്നവകാശപ്പെട്ട്, സുഹൃത്ത് ഫെന്നി നൈനാന്‍ ചില സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടത്. 2024 ൽ ബലാല്‍സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, 3 മാസം മുന്‍പ് എം എല്‍ എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്. ഇതിനു പിന്നിലെ യുക്തിയെന്തെന്നാണ് എഫ്ബി പോസ്റ്റിലെ ചോദ്യം. അതേസമയം, രാഹുലിന്‍റെ ജാമ്യാപേക്ഷ തിരുവല്ല കോടതി നാളെ പരിഗണിക്കും.



