തിരുവല്ല: ആര്‍ത്തവ ദിനങ്ങളില്‍ ക്ഷേത്രങ്ങളിലുള്ള വിലക്കിനെ വിമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട എസ്എഫ്ഐ വനിതാ നേതാവിന് നേരെ സൈബര്‍ ആക്രമണം. പത്തനംതിട്ട ചെങ്ങരൂര്‍ സ്വദേശിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ നവമി രാമചന്ദ്രനുനേരെയാണ് സൈബര്‍ ആക്രമണം. പെണ്‍കുട്ടിയുടെ സഹോദരിയെ ഒരു സംഘം ആളുകള്‍ ആക്രമിക്കാനും ശ്രമിച്ചു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് ഇവരുടെ പരാതി.

'അമ്പലത്തിന് പുറത്തൊരു മുറി പണിയണം മാസമുറക്ക് ദേവിക്കിരിക്കാന്‍' എന്ന വിനേഷ് ബാവിക്കരയുടെ കവിത നിയമ വിദ്യാര്‍ത്ഥിയായ നവമി ഫേസബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് താഴെ നിരവധി അശ്ലീല കമന്റുകളാണുള്ളത്. നവമിയെ മോശക്കാരിയായി ചിത്രീകരിക്കുന്ന പ്രതികരണങ്ങളുമുണ്ട്. നവമിയുടെ സഹോദരിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ലക്ഷ്മിക്കുനേരെ രണ്ട് തവണ ആക്രമണമുണ്ടായി. തിങ്കളാഴ്ച സ്കൂള്‍ വിട്ടുവരുന്ന വഴി ആദ്യം. ഇന്നലെ രാവിലെ രണ്ടാമതും ആക്രമണമുണ്ടായി.

നവമിക്കെതിരെ കമന്റുകളിട്ട അക്കൗണ്ടുകളില്‍ മിക്കതും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അശ്ലീല കമന്റുകളിട്ടത് തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.