ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നാദ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ കടലോരമേഖലയില്‍ വെള്ളിയാഴ്ചയോടെ വീശിയടിച്ചേയ്ക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരത്തെത്തുമ്പോഴേയ്ക്ക് ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം നാളെ മുതല്‍ കനത്ത മഴയുണ്ടാകും.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെ തമിഴ്‌നാട്ടിലെ കടലോരജില്ലയായ കടലൂരില്‍ വേദാരണ്യം എന്ന പ്രദേശത്താണ് ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. നിലവില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിയ്ക്കുന്ന ചുഴലിക്കാറ്റിന്റെ വേഗം തീരത്തോടടുക്കുമ്പോഴേയ്ക്ക് കുറയുമെന്നാണ് പ്രതീക്ഷ. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ കടലോര ജില്ലകളിലും പോണ്ടിച്ചേരിയിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാരോട് അടുത്ത രണ്ട് ദിവസം കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോണ്ടിച്ചേരിയിലും കടലൂരിലും തീരദേശമേഖലയില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിയ്ക്കാനായി താല്‍ക്കാലിക കേന്ദ്രങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം തേടി. കഴിഞ്ഞ വര്‍ഷം ചെന്നൈയിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ ചെന്നൈ നഗരത്തിലെ പ്രളയം നേരിടാനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.