ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‍ലാക്കിനും കുടുംബത്തിനെതിരെ ഗോവധ നിരോധന നിയമപ്രകാരം ദാദ്രി പൊലീസ് കേസെടുത്തു. അഖ്‍ലാക്കിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ സുരാജ്‍പൂര്‍ ജുഡീഷ്യല്‍ മജസിട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് എഫ്ഐആര്‍ രജിസറ്റര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബിസാര ഗ്രാമത്തിലെ ഒരുകൂട്ടം ആളുകളാണ് പൊലീസ് കേസെടുക്കാന്‍ വൈകുന്നുവെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. അഖ്‍ലാക്ക്, ഭാര്യ ഇക്രമാന്‍, അമ്മ അസ്ഗരി, സഹോദരന്‍ ജാന്‍ മുഹമ്മദ്, മകള്‍ ഷയിസ്ത, മകന്‍ ഡാനിഷ്, അഖ്‍ലാക്കിന്‍റെ സഹോദരന്‍റെ ഭാര്യ സോന എന്നിവര്‍ക്കെതിരെ കേസെടുക്കാനായിരുന്നു കോടതി ഉത്തരവ്.


കോടതി ഉത്തരവിനെ മാനിക്കുന്നതായും അതേസമയം അന്വേഷണം സത്യസന്ധമായിരിക്കണമെന്നും അഖ്‍ലക്കിന്‍റെ സഹോദരന്‍ ജാന്‍ മുഹമ്മദ് പറഞ്ഞു. കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കുടംബത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

2015 സപ്തംബർ 28 നാണ് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ ജില്ലയിലെ ദാദ്രിയിൽ പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് അന്പതുകാരനായ മുഹമ്മദ് അക്ലക്കിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ബിസാര ഗ്രാമത്തിൽ നിന്നും പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. ക്രൂരമായ മർദ്ദനത്തിൽ മുഹമ്മദ് അക്ലക്കിന്റെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഖ്‌ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് ആദ്യ ഫോറൻസിക് റിപ്പോർട്ടിലൂടെ തെളിഞ്ഞു. എന്നാല്‍ പശു ഇറച്ചിയാണെന്ന പുതിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരാതി.

കൊലപാതകത്തിനെതിരെ ദേശ വ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയർന്നത്. വർഗീയതയ്‌ക്കെതിരെയും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തിലും പ്രതിഷേധിച്ച് നയൻതാര സെഹ്ഗാൾ, അശോക് വാജ്പേയി, ഉർദു എഴുത്തുകാരൻ റഹ്മാൻ അബ്ബാസ്, ശശി ദേശ്പാണ്ഡേ, കെ എൻ ദാരുവാല തുടങ്ങിയ എഴുത്തുകാർ തങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ തിരിച്ചേൽപ്പിക്കുകയും അക്കാദമികളിലെ അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു.