ഹൈദരാബാദ്: ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യെ പൊലീസ് വീട്ടുതടങ്കലിലാക്കി. വിജയവാദയില്‍ ശനിയാഴ്ച നടക്കാനിരുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാതിരിക്കാനാണ് കാഞ്ച ഐലയ്യുടെ വീടിന് ചുറ്റും ആന്ധ്രാ പൊലീസ് വളഞ്ഞത്. വീടിന് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് കാഞ്ചയ്ക്ക് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വിജയവാദയിലെ പരിപാടിയില്‍ പങ്കുടുക്കുന്നതില്‍ നിന്നും കാഞ്ചയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി പൊലീസ് വെളളിയാഴ്ച നോട്ടീസ് അയച്ചിരുന്നു. ഐലയ്യെ ആക്രമിക്കാന്‍ നിരവധി പദ്ധതികളാണ് ആര്യ വൈശ്യാസ് സംഘം ഒരുക്കിയിരുന്നത്. ഐലയ്യയുടെ കോളത്തൊള്ളു സാമാജിക സ്മഗളരു (വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളഴ്‌സ്) എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹത്തിനെതിരെ വിവിധ വൈശ്യ സംഘടകള്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരുന്നത്.

പുസ്തകത്തിലെ പല പരാമര്‍ശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും അത് പിന്‍വലിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വൈശ്യ അസോസിയേഷനും പോലീസില്‍ പരാതി നല്‍കിയിരുന്നു. പുസ്തകം പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നതോടെയാണ് ഐലയ്യക്കെതിരെ പ്രതിഷേധ പരിപാടി തുടങ്ങിയത്. പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നാക്ക് അരിഞ്ഞ് തള്ളുമെന്ന് പറഞ്ഞ് ഐലയ്യക്കെതിരെ ഭീഷണിയുണ്ടായിരുന്നു. ഭീഷണിക്കെതിരെ ഇദ്ദേഹം ഒസ്മാനിയ സര്‍വകലാശാല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.