ഇക്കഴിഞ്ഞ ഞാറാഴ്ച അതായത് 16 ആം തീയതിയാണ് മോഷണക്കുറ്റം ആരോപിച്ച് കൊല്ലം കാഞ്ഞിരംകുഴി സ്വദേശികളായ രാജീവ് , ഷിബു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പക്ഷേ ഇവര്‍ മോഷണം നടത്തിയതായുള്ള ഒരു തെളിവും പൊലീസിന് ലഭിച്ചില്ല.

തെളിവില്ലാഞ്ഞിട്ടും രണ്ട് ദിവസം കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തു. പിന്നീട് വിട്ടയച്ചശേഷം വീണ്ടു കസ്റ്റഡിയിലെടുത്തു..തെളിവില്ലാതെ കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചത് ഗുരുതരമായ കൃത്യവിലോപമെന്നാണ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

അന്വേഷണ ഉദ്യോഗസ്ഥൻ അല്ലെങ്കില്‍ സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ വീഴ്ച പറ്റി. ഇക്കാര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി വേണമെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരായ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം എസിപി ഇവരുടെ മൊഴി നേരിട്ട് രേഖപ്പെടുത്തി.

പൊലീസിന്‍റെ ഭാഗത്ത് നിന്ന് മര്‍ദ്ദനമുണ്ടായെന്ന് ഇവര്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ എസിപിയോട് പറഞ്ഞു..ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടേയും ആശുപത്രി സൂപ്രണ്ടിന്‍റെയും മൊഴി രേഖപ്പെടുത്തി ശേഷം റിപ്പോര്‍ട്ട് ഇന്ന് തന്നെ ഡിജിപിക്ക് കൈമാറും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടായേക്കും.