ദളിത് യുവാവിനും ഭാര്യക്കുമെതിരെ ക്രൂര മര്‍ദ്ദനം മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില് ദളിത് യുവാവിനെ ഫാക്ടറി ഉടമയും സംഘവും കെട്ടിയിട്ട് തല്ലിക്കൊന്നു. ഇയാളുടെ ഭാര്യക്ക് നേരെയും ക്രൂര മര്ദ്ദനം. സംഭവത്തില് ഓട്ടോ പാര്ട്സ് ഫാക്ടറി ഉടമയടക്കം അഞ്ച് പേര്ക്കെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്തിലെ രാജ്ഘട്ടിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മോഷാടാവെന്ന് ആരോപിച്ചാണ് യുവാവിനെ കെട്ടിയിട്ട് തല്ലിയത്. മുകേഷ് വനിയ എന്ന ദളിത് യുവാവാണ് മര്ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.
ഗുജറാത്തിലെ സമരനായകന് ജിഗ്നേഷ് മേവാനിയാണ് യുവാവ് അക്രമിക്കപ്പെടുന്ന ദൃശ്യം പുറത്ത് വിട്ടത്. ഇത് വൈറലായതോടെ പൊലീസ് പ്രതികള്ക്കെതിരെ കേസെടുക്കുകയായിരുന്നു. കൊലക്കുറ്റത്തിന് പ്രതികള്ക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് മര്ദ്ദനം നടന്നത്. പഴയ സാധനങ്ങള് ശേഖരിക്കുന്ന മുകേഷ് വാണിയയും ഭാര്യയും ഓട്ടോ പാര്ട്സ് ഫാക്ടറിക്ക് സമീപം കാന്തം ഉപയോഗിച്ച് പഴയ വസ്തുക്കള് ശേഖരിക്കവെയാണ് മര്ദ്ദനം.
ഇവരെ മോഷ്ടാക്കളെന്ന് ആരോപിച്ച് ഫാക്ടറി ഉടമയുടെ നേതൃത്വത്തിലുള്ള സംഘം തല്ലിച്ചതയ്ക്കുകയായിരുന്നു. മുകേഷിന്റെ അരയില് കയറു കൊണ്ട് കെട്ടിയിട്ട ശേഷം ക്രൂരമര്ദ്ദനത്തിനിരയാക്കി. തടയാനെത്തിയ ഭാര്യയെയും പ്രതികള് മര്ദ്ദിച്ചെന്ന് പൊലീസ് പറഞ്ഞു. മര്ദ്ദനം സഹിക്കാതെ ഓടി രക്ഷപ്പെട്ട ഭാര്യ സമീപവാസികളെ വിളിച്ചുകൊണ്ടു വന്നാണ് മുകേഷിനെ മര്ദ്ദനത്തില് നിന്നും രക്ഷപ്പെടുത്തിയത്. എന്നാല് ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുജറാത്തില് ദളിതര്ക്കെതിരെയുള്ള അക്രമങ്ങള്ക്കെതിരെ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടുമൊരു കൊലപാതകം നടന്നിരിക്കുന്നത്.
