ദില്ലി: ഹനുമാൻ ദളിതനാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഏറ്റെടുത്ത് ആഗ്രയിലെ ദളിതർ. ഹനുമാൻ ദളിതനാണെങ്കിൽ എല്ലാ ഹനുമാൻ ക്ഷേത്രങ്ങളും ദളിതർക്ക് വിട്ടു നൽകണമെന്നാണ് ഇവര്‍  ആവശ്യപ്പെടുന്നത്. ക്ഷേത്രങ്ങൾ തങ്ങളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലി-കാണ്‍പൂര്‍ ഹൈവേയിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് വ്യാഴാഴ്ച ദളിതര്‍ മാര്‍ച്ച് നടത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ദളിത് ഹനുമാന്‍ കീ ജയ് എന്നു വിളിച്ചുകൊണ്ട് പൂണൂല്‍ ധരിച്ചായിരുന്നു  പ്രകടനങ്ങൾ. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ  രംഗത്തെത്തിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് വലതുപക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നൽകുകയുണ്ടായി. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്ന സമയത്തായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. 

രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന്  വോട്ട് നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു. ഹനുമാന്‍ ദളിതനായിരുന്നുവെന്ന് യോഗി ആദ്യമായിട്ടല്ല അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം സമാന പ്രസ്താവന നടത്തിയിരുന്നു