കൊച്ചി: തനിക്കെതിരെ ഉന്നതതല ഗൂഡാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതിന് ശേഷം ഒരു ദേശീയ പത്രത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച ഉത്തരവിറങ്ങിയത് ജൂണ്‍ ഒമ്പതിനാണ്. അന്ന് ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ പ്രചാരണം ആരംഭിച്ചത്. സുപ്രീംകോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും സംഘടിതമായി തനിക്കെതിരെയുളള പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. 

ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പേര് വ്യക്തമാക്കുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരായി ഒന്നിനു പിറകെ ഒന്നൊന്നായി വിവാദങ്ങളിലേക്ക് എടുത്ത് ചാടിയ എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇന്നലെയാണ് വ്യക്തമാക്കിയത്.താന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല. ഇക്കാരണത്താല്‍ വിവാദങ്ങളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നാലെ കോടതിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാരെത്തി. എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രിക്കായി പ്രത്യേകം നിയമോപദേശകനെ നിയമിച്ചതിനെതിരെ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

2016 ജൂണ്‍ ഒമ്പതിനാണ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ ദാമോദരനെ നിയമിച്ച് ഉത്തരവിറക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ പ്രതിഫലം ഇല്ലാതെയായിരുന്നു നിയമനം.