ബന്ധു നിയമന വിവാദത്തില്‍പ്പെട്ട കെ ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ശക്തമായ പ്രതിഷേധത്തിലാണ്. എവിടെ പരിപാടിക്ക് എത്തിയാലും കരിങ്കൊടിയും കാണിക്കുന്നുണ്ട്. അതിനിടെയാണ് രണ്ട് ദിവസം മുമ്പ് പി സി നൂര്‍ വളാഞ്ചേരിയില്‍വെച്ച് മന്ത്രിയുടെ കാറില്‍ കയറിയത്

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ കെ ടി ജലീലിനെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ മലപ്പുറം ഡിസിസി സെക്രട്ടറി പി സി നൂര്‍ മന്ത്രിയുടെ ഔദ്യോഗിക കാറില്‍ യാത്ര ചെയ്തത് വിവാദമാകുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിശദീകരണം തേടി.

ബന്ധു നിയമന വിവാദത്തില്‍പ്പെട്ട കെ ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ശക്തമായ പ്രതിഷേധത്തിലാണ്. എവിടെ പരിപാടിക്ക് എത്തിയാലും കരിങ്കൊടിയും കാണിക്കുന്നുണ്ട്. അതിനിടെയാണ് രണ്ട് ദിവസം മുമ്പ് പി സി നൂര്‍ വളാഞ്ചേരിയില്‍വെച്ച് മന്ത്രിയുടെ കാറില്‍ കയറിയത്.

ജലീലിനെ തടഞ്ഞതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടക്കുമ്പോള്‍ ഡിസിസി സെക്രട്ടറിക്ക് മന്ത്രി വാഹനത്തില്‍ സുഖയാത്ര എന്ന് പറഞ്ഞ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ് പി സി നൂറിനോട് വിശദീകരണം തേടിയത്.

തന്‍റെ അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിന് മന്ത്രി എത്തിയപ്പോള്‍ കാറില്‍ കയറിയതാണെന്നാണ് പി സി നൂറിന്‍റെ പ്രതികരണം. ഐ ഗ്രൂപ്പുകാരനായ നൂറിനെതിരെ നടപടി വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ഉള്‍പ്പെടെ ആവശ്യം. അതേസമയം, ജലീലിനെതിരെ പ്രതിഷേധം പ്രതിപക്ഷം തുടരുകയാണ്.

ഇന്നലെ മലപ്പുറത്ത് വനിതാ മതിൽ സംഘാടക സമിതി യോഗത്തിനെത്തിയ കെ ടി ജലീലിനെതിരെ കരിങ്കൊടി വീശിയുള്ള പ്രതിഷേധം നടന്നു. ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട ജലീൽ രാജിവയ്ക്കണമെന്നും അന്വേഷണത്തെ നേരിടാൻ തയാറാകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.