പൊലീസ് ഡ്രൈവറെ തല്ലിയ സംഭവം ഡിസിആർബി ഡിവൈഎസ്‍പി അന്വേഷിക്കും

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന്റെയും എഡിജിപിയുടെ മകളുടെയും പരാതി ഡിസിആർബി(ഡിസ്ട്രിക്റ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ) ഡിവൈഎസ്‍പി പ്രതാപൻ നായർ അന്വേഷിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രണ്ട് കേസുകൾ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ബറ്റാലിയന്‍ എഡിജിപി സുദേവ് കുമാറിന്റെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം പരാതിപ്പെട്ട പൊലീസ് ഡ്രൈവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അസഭ്യം പറയല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം. തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ പിന്നാലെ എഡിജിപിയുടെ മകളും പരാതി നല്‍കുകയായിരുന്നു.