ഇടുക്കി: തമിഴ്നാട്ടിലെ ദിണ്ഡിക്കലിനു സമീപം വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ സ്വദേശമായ ഇടുക്കിയിലെ തങ്കമണിയിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തങ്കമണി സ്വദേശികളായ മുള്ളനാനിക്കൽ ബേബി, ഒട്ടലാങ്കൽ ഷൈൻ, കൊച്ചുകരിപ്പാപറമ്പിൽ ബിനു, പടലാംകുന്നേൽ മോൻസി, ഇളംതുരുത്തിയിൽ ജസ്റ്റിൻ, വെട്ടുകാട്ടിൽ അജീഷ്, എന്നിവരാണ് മരിച്ചത്.

തേനി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തിരുന്നു. രാത്രി തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രാവിലെ എട്ടു മണിവരെ ആശുപത്രി മുറ്റത്ത് പൊതു ദർശനത്തിനു വച്ചു. തുടർന്ന് വീടുകളിലേക്ക് കൊണ്ടു പോയി. ഇടുക്കിയുടെ ചുമതലയുള്ള പുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ രാവിലെ തങ്കമണിയിലെത്തി.

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. വേളാങ്കണ്ണിയിൽ തീർഥാടനം കഴിഞ്ഞ് സ്വദേശത്തേയ്ക്ക് മടങ്ങിയ ഇവർ സഞ്ചരിച്ചിരുന്ന ഇവർ സ‍ഞ്ചരിച്ച ടെംപോട്രാവലർ ഡിണ്ടിഗലിൽ വച്ച് ലോറിയെ മറികടക്കുന്നതിനിടെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറുപേരും തൽക്ഷണം മരിച്ചു.

അപകടത്തിൽ പരുക്കേറ്റ വാഴയിൽ ഷൈൻ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.