കാസർകോഡ് പൈവളിഗെയിൽ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. ചെട്ടുംകുഴി സ്വദേശിയും സ്വർണ്ണ വ്യാപാരിയുമായ മന്‍സൂര്‍ അലി ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയിലാണ് പൈവളിഗെ സുന്ന പദവി ലെ ആൾ താമസമില്ലാത്ത വീട്ടുപറമ്പിലെ പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുത്ത് മംഗലപാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇതിനിടെയാണ് ചെട്ടു കുഴി സ്വദേശിയായ മൻസൂർ അലിയെ കാണാതായതായി ബന്ധുക്കളുടെ പരാതി വന്നത്.പിന്നീട് മംഗലപാടിയിലെത്തിയ ബന്ധുക്കൾ മൃതദേഹം മൻസൂർ അലിയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിൽ വാളുകൊണ്ട് വെട്ടേറ്റതിന്റെയും തലക്ക് കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചതിന്റെയും പാടുകളുണ്ട്.

മൻസൂർ അലിയുടെ വസ്ത്രത്തിനിന്ന് മൂന്ന് ലക്ഷത്തി അറുപത്തി ആറായിരം രൂപ പൊലീസ് കണ്ടെടുത്തു. കച്ചവട സംബന്ധമായ പണമിടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതികൾക്കുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.