കൊച്ചി: എറണാകുളത്ത് കായലില്‍ പ്ലാസ്റ്റിക്ക് വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരുവർഷത്തിന് മുമ്പ് കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇതുസംബന്ധിച്ച് വിവരം കൈമാറിയിട്ടുണ്ട്. ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാണ് കോൺക്രീറ്റുനുളളിൽ കണ്ടെത്തിയ മൃതദേഹമെന്നാണ് ഫോറന്‍സിക് സംഘത്തിന്‍റെ പരിശോധനയില്‍ വ്യക്തമായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2016 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ കാണാതായ സ്ത്രീകളെ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണസംഘം ക്രൈംറിക്കാർഡ്സ് ബ്യൂറോയോട് തേടിയിരിക്കുന്നത്. മൃതദേഹത്തോടൊപ്പം അസാധുവാക്കിയ മൂന്ന് അഞ്ഞൂറുരൂപാ നോട്ടുകളും കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകം നടന്നത് 2016 നവംബറിനു മുന്‍പാണ് എന്ന നിഗമനത്തിൽ എത്തിച്ചത്.

കെട്ടിടനിർമാണം നടന്നിരുന്ന എവിടെയെങ്കിലുമാകാം കൊലപാതകം നടന്നതെന്നും സംശയിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ വീപ്പയും മറ്റും കെട്ടിട നി‍ർമാണ മേഖലയിൽ ഉപയോഗിക്കുന്നതാണ്. എന്നാല്‍ മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോൺക്രീറ്റിലെ മെറ്റൽ കഷണങ്ങൾ ഒരേ അളവിലുളളതല്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺക്രീറ്റു മിശ്രിതത്തിന്‍റെ അളവും ശരിയായ രീതിയിലല്ല.

മലയാളി സ്ത്രീകള്‍ പൊതുവേ ഉപയോഗിക്കാത്ത ഡിസൈനിലുളള വെള്ളി അരഞ്ഞാണവും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ സ്തീകളാകുമോ കൊല്ലപ്പെട്ടത് എന്നതും അന്വേഷണപരിധിയിലുണ്ട്. മറ്റെവിടെയെങ്കിലും വെച്ച് കൊലപാതകം നടത്തിയശേഷം കൊച്ചിയിലെത്തി മറവു ചെയ്തതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.