കോഴിക്കോട്: തലയും കൈകാലുകളും അറുത്ത് മാറ്റിയ നിലയിൽ മൃതശരീരം റോഡില്‍ കണ്ടെത്തി. കോഴിക്കോട് മുക്കം കാരശ്ശേരി എസ്റ്റേറ്റ് റോഡിലാണ് തലയും കൈകാലുകളും അറുത്ത് മാറ്റിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്. മാലിന്യം തള്ളിയ ചാക്കുകളിലൊന്നിലാണ് മൃതശരീരം കണ്ടത്. സംഭവത്തില്‍ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
കാരശ്ശേരി പഞ്ചായത്തിലെ ഗെയ്റ്റുംപടി തൊണ്ടിമ്മൽ റോഡിലാണ് മൃതശരീര അവശിഷ്ടം കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ചയായി ഇവിടെ രണ്ട് ചാക്കുകൾ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടിരുന്നു. ഇതിൽ ഒന്നിൽ അറവ് മാലിന്യം നിറച്ച നിലയിലായിരുന്നു. രണ്ടാമത്തെ ചാക്ക് നായ കടിച്ച് പുറത്തിട്ടപ്പോഴാണ് മൃതശരീരം കണ്ടെത്തിയത്. ആദ്യം പന്നിയാണെന്ന് കരുതിയ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹാവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞ് പൊലീസിനെ ബന്ധപ്പെട്ടത്.
തലയും , കൈകാലുകളും പൂർണമായും അറുത്തു മാറ്റ പ്പെട്ട നിലയിലാണ് മൃതശരീരം. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്‍റെ നിഗമനം. തെളിവു നശിപ്പിക്കുന്നതിന്‍റെ ഭാഗമായായിരിക്കാം അറവ് മാലിന്യത്തോടൊപ്പം ചാക്കിൽ മൃതശരീരം ഉപേക്ഷിച്ചതെന്നും പൊലീസ് കരുതുന്നു. താമരശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘമെത്തി തുടർപരിശോധന നടത്തും. രണ്ടാഴ്ചയോളം പഴക്കം മൃതശരീരത്തിനുണ്ടെന്നാണ് കരുതുന്നത്.
