കൊളത്തൂരില്‍ ഗൃഹനാഥന്റെ മൃതദേഹം മൂന്ന് മാസത്തോളം വീടിനുളളില്‍ സുക്ഷിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തില്‍ പൊലീസ്. മരിച്ച സൈയിദിന്‍റ മനോനില തെറ്റിയ ഭാര്യയുടെ നിര്‍ദേശപ്രകാരം മൃതദേഹം വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന സൈദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സൈയിദിന്‍റേത് സ്വാഭാവികമരണം തന്നെ ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുന്‍പ് ഇയാളുടെ കാലില്‍ മുറിവേറ്റിരുന്നതായി ഭാര്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രക്തം വാര്‍ന്നോ,കടുത്ത രക്തസമ്മര്‍ദ്ദം മൂലമോ മരണം സംഭവിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം.
മനോനില തെറ്റിയ സയ്ദിന്‍റ ഭാര്യ പ്രാര്‍ത്ഥനയിലൂടെ സൈദിനെ പുനര്‍ജീവിപ്പിക്കാനാകുമെന്നും ഇക്കാര്യം പുറത്ത് പറയരുതെന്നും കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഇവരുടെ 18 വയസ്സുളള മകന്‍ മാത്രമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നുളളു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കോ മക്കള്‍ക്കോ എതിരെ പൊലീസ് കേസെടുത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ട് ലഭിക്കുന്നതിന് അനുസരിച്ചാവും കൂടുതല്‍ നടപടികളെന്ന് പൊലീസ് അറിയിച്ചു.
വിശദമായ ചോദ്യം ചെയ്യലിന് സൈദിന്റെ ഭാര്യയേടും മക്കളോടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രവാദ ചികിത്സ ആവശ്യപ്പെട്ട് ഇവരെ ആരെങ്കിലും സമീപിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
