പ്രതിയെ കണ്ടെത്തിയത് പരാതിക്കാരായ യുവതികളുടെ വാട്സ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍
ഇന്ഡോര്: വാട്സ് ആപ് വീഡിയോ കോളിലൂടെ അപരിചിതനായ യുവാവ് നഗ്നത പ്രദര്ശിപ്പിക്കുന്നുവെന്ന് കാണിച്ച് മൂകരും ബധിരരുമായ രണ്ട് യുവതികളാണ് ഇന്ഡോര് സൈബര് സെല്ലിന് പരാതി നല്കിയത്. മുഖം മൂടി ധരിച്ചെത്തിയ യുവാവ് നിരന്തരം വാട്സ് ആപ് നമ്പറിലേക്ക് ഫോണ് ചെയ്യുന്നുവെന്നും ഫോണെടുത്താല് നഗ്നത പ്രദര്ശിപ്പിക്കുന്നുവെന്നുമായിരുന്നു പരാതി.
യുവതികളുടെ വാട്സ് ആപ് ഗ്രൂപ്പുകള് കേന്ദ്രീകരിച്ചാണ് സൈബര് സെല് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവില് കണ്ടെത്തിയ പ്രതി ആരെന്ന് അറിഞ്ഞതോടെ പരാതിക്കാര് അമ്പരന്നു. ബധിരരും മൂകരും മാത്രമുള്ള ഇവരുടെ വാട്സ് ആപ് ഗ്രൂപ്പിലെ മറ്റൊരു അംഗമായ അമോല് എന്ന യുവാവായിരുന്നു പ്രതി.
അഹമ്മദ് നഗറില് വച്ചാണ് 27കാരനായ അമോല് അറസ്റ്റിലായത്. തുടര്ന്ന് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലില് വാട്സ് ആപ് ഗ്രൂപ്പില് നിന്ന് യുവതികളുടെ നമ്പറെടുത്ത് താന് തന്നെയാണ് വീഡിയോ കോള് ചെയ്തതെന്നും നഗ്നത പ്രദര്ശിപ്പിച്ചതെന്നും അമോല് സമ്മതിച്ചിട്ടുണ്ട്.
ഐടി ആക്ട് പ്രകാരമാണ് ഇയാള്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും തുടരന്വേഷണങ്ങള് നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
