പെരുമ്പാവൂര്‍ മുടക്കുഴയിലാണ് സംഭവം. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്നനേരത്താണ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ തലയിലും ശരീരത്തുമെല്ലാം ബ്ലേഡ് കൊണ്ട് മുറിവേറ്റ നിലയിലാണ്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസി നെല്‍സനാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. നേരത്തെ ഇയാളും സംഘവും തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ച കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടനാട് പോലീസിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് പോലീസ് പറഞ്ഞു.