യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ച സംഭവം ദുരൂഹതയേറുന്നു
മംഗലാപുരത്ത് നിന്ന് ആലുവയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച മൂവാറ്റുപുഴ മഞ്ഞള്ളൂർ സ്വദേശി ഷിന്റോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. ട്രെയിനിൽ ഷിന്റോയ്ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി പൊലീസ് അറിയിച്ചു.
മംഗലാപുരത്ത് പൈനാപ്പിൾ കൃഷിക്കായി പോയ ഷിന്റോ സുഹൃത്തുക്കളായ രാജേഷ്, ദേവസ്യ എന്നിവരോടൊപ്പം കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചത്.. ഷിന്റോയെ യാത്രക്കിടെ കാണാതായെന്ന് നാട്ടിലെത്തിയ സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചു. പിന്നീട് തിങ്കളാഴ്ച കൊയിലാണ്ടിയിൽ റെയിൽ പാളത്തിൽ നിന്നാണ് ഷിന്റോയുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞത് വിശ്വസിക്കാനാകുന്നില്ലെന്നും മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
ട്രെയിൽ കണ്ണൂർ എത്തിയപ്പോൾ ഷിന്റോയെ കാണാതായെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴി.സുഹൃത്തുക്കളോട് വീണ്ടും ഹാജരാകാൻ അവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. ഒപ്പം ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഷിന്റോയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.
