ഇസ്‌ലാമാബാദ്: മതനിന്ദ കേസിൽ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീവിക്ക് രാജ്യം വിടാൻ പാക് സർക്കാറിന്‍റെ വിലക്ക്. ആസിയയ്ക്കെതിരെ വധഭീഷണി ഉയർന്നതോടെ വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടി കുടുംബം രംഗത്തെത്തി. വിഷയം പരിശോധിക്കുമെന്ന് ബ്രിട്ടീഷ് പാർലമെന്‍റ് വ്യക്തമാക്കി.  

ആസിയ ബീവിയെ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടി കുടുംബം രംഗത്തെത്തിയത്. ജീവന് ഭീഷണി ഉണ്ടെന്നും രക്ഷിക്കാൻ ഇടപടെണമെന്നും ആവശ്യപ്പെട്ട് ആസിയ ബീവിയുടെ ഭർത്താവ് ആഷിഖ് മാസിഹ് ബ്രിട്ടന്‍റെ സഹായം തേടി. അമേരിക്കയുടെയും കാനഡയുടെയും ഇടപെടലും ആഷിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലായി ഒളിച്ചുകഴിയുകയാണെന്നും ഏത് നിമിഷവും വധിക്കപ്പെടാമെന്നും വീഡിയോ സന്ദേശത്തിൽ ആഷിഖ് മാസിഹ് വ്യക്തമാക്കി. ഭീഷണി ശക്തമായതോടെ ആസിയയ്ക്ക് വേണ്ടി കേസ് വാദിച്ച അഭിഭാഷകൻ പാകിസ്‌താന്‍  നിന്ന് പലായനം ചെയ്തിരുന്നു. ഇതേതുടർന്ന് വിഷയം പരിശോധിക്കുമെന്ന് ബ്രിട്ടീഷ് പാർലമെന്‍റ് വ്യക്തമാക്കി. ആസിയയ്ക്കും കുടുംബത്തിനും അഭയം നൽകാൻ വിവിധ രാജ്യങ്ങൾ സന്നദ്ധത അറിയച്ചതായി സൂചനയുണ്ട്. 

അതേസമയം ആസിയയ്ക്ക് സുരക്ഷ കൂട്ടിയതായി പാക് വിദേശകാര്യമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. എന്നാൽ ആസിയയെ രാജ്യം വിടാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ പാകിസ്ഥാൻ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. ആസിയയെ വെറുതെവിട്ട കോടതി വിധിക്കെതിരെ കടുത്ത പ്രതിഷേധമാണ് മതസംഘടനകൾ ഉയർത്തിയിട്ടുള്ളത്. ഇത് മറികടക്കാനാണ് പാക് സർക്കാർ നിലപാട് കടുപ്പിച്ചതെന്നാണ് സൂചന. പ്രവാചകനെ നിന്ദിച്ചെന്നാരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട ആസിയയ്ക്കെതിരായ വധശിക്ഷ കഴിഞ്ഞ ദിവസമാണ് പാക് സുപ്രീംകോടതി റദ്ദാക്കിയത്.