Asianet News MalayalamAsianet News Malayalam

കേരളം വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നു സര്‍ക്കാര്‍

Declare Kerala drought hit state
Author
First Published Apr 28, 2016, 3:56 AM IST

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നുതന്നെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രി കത്തു നല്‍കും.

സമാനതകളില്ലാത്ത വരള്‍ച്ചയാണ് ഇത്തവണ കേരളത്തിലുണ്ടായിരിക്കുന്നതെന്നു യോഗം വിലയിരുത്തി. വരള്‍ച്ച തടയുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടതിലേക്കായി കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെടും. വരള്‍ച്ചാ ബാധിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കണമെന്നു നേരത്തേ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇങ്ങനെ കണക്കാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഈ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടും.

ഓരോ മേഖലയിലെയും വരള്‍ച്ചയുടെ വിലയിരുത്തലും അവിടങ്ങളില്‍ ഏതു രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കണമെന്നതും യോഗം ചര്‍ച്ച ചെയ്യും. ഓരോ മേഖലയിലേയും വരള്‍ച്ചയുടെ കണക്ക് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

സംസ്ഥാനത്തു കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനു വാട്ടര്‍ അഥോറിറ്റിക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പുരോഗതി യോഗത്തില്‍ വിലയിരുത്തും. ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും തീരുമാനിക്കും.

കൊല്ലം, പാലക്കാട് ജില്ലകളിലാണു വരള്‍ച്ച ഏറെ ദുരിതം വിതയ്ക്കുന്നത്.

Follow Us:
Download App:
  • android
  • ios