ഹരിദ്വാര്‍: ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതി ആശുപത്രി അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ രോഗി പിന്നെയും ജീവിച്ചത് എട്ട് മണിക്കൂര്‍. മരിച്ചതായി ഡോക്ടര്‍ അറിയിച്ച സമയം കഴിഞ്ഞ് എട്ട് മണിക്കൂറിന് ശേഷമാണ് മരണം നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരിച്ചയാളുടെ ബന്ധുക്കള്‍
നല്‍കിയ പരാതിയെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരിവിട്ടു.
ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹരിദ്വാറിലെ ബിഎച്ച്ഇഎല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് 44 കാരനായ കൃഷ്ണന്‍ കുമാറിനെ ജനുവരി 12 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് രാത്രി 11.30 ഓടെ മരിച്ചുവെന്ന് വ്യക്തമാക്കി കൃഷ്ണനെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
ജനുവരി 13 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പോസ്റ്റ്‌മോര്‍ട്ടവും നടത്തി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ആറ് മണിക്കൂര്‍ മുമ്പാണ് കൃഷ്ണന്‍ മരിച്ചത്. ജനുവരി 13ന് പകല്‍ എട്ട് മണിയോടെയാകാം മരണം നടന്നതെന്ന് റിപ്പോര്‍്ട്ട് വ്യക്തമാക്കുന്നു. മരിച്ചുവെന്ന് വിധിയെഴുതി എട്ട് മണിക്കൂറോളം കൃഷ്ണന് ജീവനുണ്ടായിരുന്നു.
കൃഷ്ണന്റെ മരണത്തിന് കാരണം ആശുപത്രി അധികൃതരാണെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. മൃതദേഹത്തിന്റെ വായില്‍നിന്ന്് ദ്രാവകം പുറത്തുവന്നതായി മോര്‍ച്ചറി തുറക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൊലപാതക കുറ്റത്തിന് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു. തന്റെ സഹോദരനെ കൊന്നതാണെന്നും ഇയാള്‍ ആരോപിച്ചു.
