മുംബൈയിലെ തീരപ്രദേശമായ ഖരപുരി ദ്വീപിൽനിന്നും വ്യാഴാഴ്ച്ച വൈകുന്നേരമാണ് മൃത​ദേഹം കണ്ടത്തിയത്. സെപ്റ്റംബർ 23 ന് വാശിയിലെ വീട്ടിൽനിന്നുമാണ് കോളേജ് വിദ്യാർത്ഥിയായ നമൻ ദത്തിനെ (17) കാണാതായത്.    

മുംബൈ: ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ (ബിആർസി) ശാസ്ത്രഞ്ജന്റെ കാണാതായ മകന്റെ മൃത​ദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ തീരപ്രദേശമായ ഖരപുരി ദ്വീപിൽനിന്നും വ്യാഴാഴ്ച്ച വൈകുന്നേരമാണ് മൃത​ദേഹം കണ്ടത്തിയത്. സെപ്റ്റംബർ 23 ന് വാശിയിലെ വീട്ടിൽനിന്നുമാണ് കോളേജ് വിദ്യാർത്ഥിയായ നമൻ ദത്തിനെ (17) കാണാതായത്.

ശരീരം നന്നായി ജീർണ്ണിച്ചതിനാൽ തിരച്ചറിയാൻ ബുദ്ധിമുട്ടിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയതിനുശേഷം മരിച്ചത് നമൻ ആണെന്ന് ഉറപ്പിക്കുകയായിരുന്നു. കൂടാതെ മൃതദേഹത്തിൽനിന്നും ലഭിച്ച മൊബൈൽ ഫോണും വാച്ചും നമന്റേത് തന്നെയാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു.

മാനസിക സമ്മർദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തൻ കഴിയുമെന്ന് മോറ തീര പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ അനിൽ ദേശ്മുഖ് വ്യക്തമാക്കി. ഇതുകൂടാതെ വാശി റെയിൽവെ സ്റ്റേഷനിൽനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോ​​ധിച്ച് വരുകയാണ്.

കാണാതായ ദിവസം വാശി സ്റ്റേഷനിൽ നിന്നും മുംബൈയിലേക്ക് ട്രെയിൻ കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും വ്യക്തമാണ്. എന്നാൽ ഏതെങ്കിലും സ്റ്റേഷനിൽ യുവാവ് ഇറങ്ങുന്നതായുള്ള ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം, വിഷാദരോഗം മൂലം രണ്ട് മാസം മുമ്പ് നാമൻ വീട് വിട്ട് പോയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവാവിൽ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.