തൃശൂര്‍: ജനതാദള്‍ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. നീതിതേടി മേല്‍കോടതിയെ സമീപിക്കുമെന്ന് ദീപക്കിന്റെ കുടുംബം പ്രതികരിച്ചു.

2015 മാര്‍ച്ച് 24-നാണ് പഴുവില്‍ സെന്ററില്‍ വെച്ച് ദീപക് വെട്ടേറ്റ് മരിച്ചത്. രാത്രി പത്തരയോടെ റേഷന്‍ കട അടച്ചശേഷം വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് മുഖംമൂടിധരിച്ചെത്തിയ നാലംഗ സംഘം ദീപക്കിനെ വെട്ടിവീഴത്തിയത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരായിരുന്ന കേസിലെ പ്രതികള്‍. മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ദീപക് കൊലചെയ്യപ്പെടുന്നതിന് ഏതാനും നാള്‍ മുമ്പാണ് ജനാദളില്‍ ചേര്‍ന്നത്.

ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നായിരുന്നു ആരോപണം. പ്രതികളില്‍ ഓരാളുമായുണ്ടായ സംഘട്ടനവും അന്വേഷണസംഘം പരിഗണനയില്‍ വന്നു. മുഖം മൂടി ആക്രമണമായിരുന്നില്ലെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന ഒറ്റ വരി വിധി ന്യായമാണ് തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജ് നിക്‌സണ്‍ എം.ജോസഫ് പുറപ്പെടുവിച്ചത്. ഏപ്രില്‍ ഒന്നിനാണ് വിചാരണ തുടങ്ങിയത്. 139 സാക്ഷികളില്‍ 77 പേരെ കോടതി വിസ്തരിച്ചു. 161 രേഖകള്‍ പരിശോധിച്ചു.

കേസ് നടപടികള്‍ 2016 ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പലകാരണങ്ങള്‍കൊണ്ടും നീണ്ടുപോവുകയായിരുന്നു. വിധിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്ന് ദീപകിന്റെ സഹോദരന്‍ ധീരജ് പറഞ്ഞു. കൊലചെയ്യപ്പെടുമ്പോള്‍ ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു പി.ജി. ദീപക്ക്.