ആ ജീവന്‍ വെറുതെയാകില്ല; സൈനികന്‍ ഔറംഗസേബിന്‍റെ വീട്ടില്‍ പ്രതിരോധമന്ത്രി
ശ്രീനഗര്: ജമ്മു കശ്മീരിലെ പൂഞ്ചില് വിഘടനവാദികള് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന് ഔറംഗസേബിന്റെ വീട് പ്രതിരോധ മന്ത്രി നിര്മല സീതാരാമന് സന്ദര്ശിച്ചു. മരണത്തില് അനുശോചനം രേഖപ്പെടുത്തിയ അവര് കുടുംബത്തിനെ ആശ്വസിപ്പിച്ചു. കുടുംബത്തിന് ആവശ്യമായ സംരക്ഷണം നല്കും. സൈനികന് നീതി ഉറപ്പാക്കുമെന്നും മന്ത്രി സന്ദര്ശന ശേഷം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ചെറിയ പെരുന്നാള് അവധിയില് വീട്ടിലേക്ക് പോകുന്നതിനിടിയിലായിരുന്നു ഔറംഗസേബിനെ വിഘടനവാദികല് തട്ടിക്കൊണ്ടുപോയത്. പുല്വാമ കാലംപോറയിലെ ഗുസു ഗ്രാമത്തില് നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വിഘടനവാദികളുടെ സഹായത്തില് ഭീകര സംഘടനയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു റിപ്പോര്ട്ട്. എന്നാല് ലഷ്കര് ഇ ത്വയിബ, ജെയ്ഷെ ഇ മുഹമ്മദ്, ഹിസ്ബുള് മുജാഹിദീന് തുടങ്ങിയ ഭീകര സംഘടനകളൊന്നും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
