ഓവന്‍ തന്‍റെ പതിനെട്ടാം വയസിലാണ് ലോകകപ്പ് ഗോള്‍ നേടിയത്

സമാര: ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും സ്വീഡനും ഏറ്റുമുട്ടിയപ്പോള്‍ മത്സരത്തിലെ ഏറ്റവും സുന്ദരന്‍ നിമിഷം ഡെലെ അലിയുടെ ഗോള്‍ ആയിരുന്നു. ബോക്സിന് പുറത്ത് നിന്ന് ജെസെ ലിങ്കാര്‍ഡ് ചെത്തി വിട്ട പന്ത് സ്വീഡിഷ് ഓഫ് സെെഡ് ട്രാപ്പിന് പിടി കൊടുക്കാതെ ഇംഗ്ലീഷ് താരം മനോഹരമായി ഹെഡ് ചെയ്ത് വലയിലാക്കി.

പരിശീലകൻ ഗാരത് സൗത് ഗേറ്റിന്‍റെ വിശ്വാസം കാത്ത ഡെലെ അലി നിർണായക ഗോളിലൂടെ ചരിത്രത്തിലും ഇടം പിടിച്ചിരിക്കുകയാണ്. മൈക്കൽ ഓവന് ശേഷം ലോകകപ്പ് ഗോൾ നേടുന്ന പ്രായം കുറഞ്ഞ ഇംഗ്ലീഷ് താരമായി മാറി അലി. ഗോളടിച്ച ശേഷമുളള നൃത്തച്ചുവടുകളും ഇതോടെ തരംഗമായിക്കഴിഞ്ഞു.

ഡെലെ അലി എന്ന ഇരുപത്തിരണ്ടുകാരൻ മിഡ്ഫീൽഡറുടെ പ്രകടനമാവും സ്വീഡനെതിരെ നിർണായകമാവുക എന്നാണ് പരിശീലകൻ ഗാരത് സൗത് ഗേറ്റ് മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നത്. പരിക്ക് വില്ലനായി പുറത്തിരുന്ന അലി കൊളംബിയക്കെതിരെ തിരിച്ചെത്തിയെങ്കിലും മികവിലേക്കുയർന്നിരുന്നില്ല. നിർണായക ക്വാർട്ടറിൽ ആദ്യ ഇലവനിൽ താരത്തെ സൗത്ഗേറ്റ് ഇറക്കുമോ എന്ന് സംശയമുണ്ടായിരുന്നു.

എന്നാൽ, പരിശീലകന്‍റെ പ്രതീക്ഷികൾ തെറ്റിച്ചില്ല അലി. ഹെൻഡേഴ്സണും ലിങ്കാർഡിനുമൊപ്പം നിറഞ്ഞുകളിച്ചു താരം. ഇംഗ്ലണ്ടിനായി രണ്ട് വർഷത്തെ ഗോൾ വരൾച്ച അവസാനിപ്പിക്കുകയും ചെയ്തു. 1998 ലോകകപ്പിലായിരുന്നു മെെക്കല്‍ ഓവന്‍റെ ചരിത്രം നേട്ടം. ഇംഗ്ലീഷ് ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച മുന്നേറ്റ നിര താരങ്ങളില്‍ ഒരാളായിരുന്ന ഓവന് അന്ന് പതിനെട്ട് വയസ് മാത്രമായിരുന്നു പ്രായം.

ഗോളടിച്ച ശേഷം അലി കാണിച്ച ചുവടുകൾക്ക് പിന്നാലെയാണ് ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരാധകരിപ്പോൾ. യൂറോപ്പിൽ തരംഗമായ ഫോർട്നൈറ്റ് എന്ന വീഡിയോ ഗെയിമിലെ ചുവടുകളായിരുന്നു മൈതാനത്ത്. നേരത്തെ, ലിങ്കാർഡും ഫ്രാൻസിന്‍റെ അന്‍റോയിൻ ഗ്രീസ്മാനും സമാന ആഘോഷപ്രകടനം നടത്തിയിരുന്നു. കഥയറിയാത്തവരിപ്പോൾ സമൂഹമാധ്യമങ്ങളിൽ സംഗതിയെന്തെന്ന് തിരഞ്ഞുമടുക്കുകയാണ്.